500ന്‍റെയും ആയിരത്തിന്‍റെയും നോട്ടുകൾ പിൻവലിച്ച് നിരവധി പ്രത്യേകതകളുള്ള 500ന്‍റെയും 2000ത്തിന്‍റെയും നോട്ടുകളാണ് ഇന്ന് മുതൽ വിപണിയിലെത്തുക. രാവിലെ ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ വഴി പഴയ നോട്ടുകൾ മാറ്റിനൽകാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ജനങ്ങളുടെ വലിയ തിരക്ക് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഒന്നിൽ കൂടുതൽ കൗണ്ടറുകൾ ബാങ്കുകളിൽ തുറക്കും. വരുന്ന ശനിയാഴ്ചയും ഞായറാഴ്ചയും ബാങ്കുകൾ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആര്‍.ബി.ഐ അറിയിച്ചിട്ടുണ്ട്. പരമാവധി ഒരാൾക്ക് ഒരു ദിവസം 4000 രൂപയുടെ നോട്ടുകളാകും മാറ്റാനാവുക. അതേസമയം എത്ര പണം വേണമെങ്കിലും അക്കൗണ്ടുകളിൽ നിക്ഷേപിക്കാം. നാളെ മുതൽ പ്രവര്‍ത്തിച്ചുതുടങ്ങുന്ന എ.ടി.എമ്മുകൾ വഴി പ്രതിദിനം ഒരാൾക്ക് 2000 രൂപ പിൻവലിക്കാം.

ഇന്നലെ വൈകുന്നേരത്തിനകം തന്നെ എല്ലാ ബാങ്കുകളിലും ആവശ്യമായ പുതിയ കറൻസി എത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ എ.ടി.എമ്മുകളിൽ പണം നിറച്ചുതുടങ്ങും. എ.ടി.എമ്മുകളിൽ പണം വേഗം തീരാനുള്ള സാധ്യത കണക്കിലെടുത്ത് അത് നിരീക്ഷിച്ച് ഒരുദിവസം ഒന്നിൽ കൂടുതൽ തവണ പണം നിറക്കാനുള്ള സംവിധാനവും ഉണ്ടാകും. രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ ഇപ്പോഴത്തെ താൽകാലിക പ്രതിസന്ധികൾ പരിഹരിക്കപ്പെടുമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. ഡിസംബര്‍ 30വരെയാണ് പഴയ നോട്ടുകൾ മാറ്റാനുള്ള കാലാവധി. ആ സമയപരിധി കൂട്ടിനൽകണോ എന്ന കാര്യം അപ്പോഴത്തെ സാഹചര്യം അനുസരിച്ച് തീരുമാനിക്കുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

