സര്‍ക്കാര്‍ തയാറാക്കിയ കരടുനിയമം വിശകലനം ചെയ്ത എംപിമാര്‍ ആറ് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് യുവജനകാര്യ മന്ത്രി ഖാലിദ് അല്‍ ദൗധനുമായി പാര്‍ലമെന്ററി കമ്മിറ്റി ചര്‍ച്ച നടത്തിയെന്ന് കമ്മിറ്റി വക്താവ് അഹ്മദ് അല്‍ ഫാഥല്‍ എംപി പറഞ്ഞു. കരടുനിയമത്തിന്റെ ഒരു കോപ്പി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് അയച്ചുകൊടുക്കാന്‍ മന്ത്രി സമ്മതിച്ചു. അവരുടെ നിര്‍ദേശങ്ങള്‍കൂടി ലഭിച്ചശേഷമായിരിക്കും അന്തിമ അംഗീകാരത്തിനായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. കുവൈറ്റ് ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും വിരുദ്ധമാകാതെ അന്താരാഷ്ട്ര കായിക നിയമങ്ങള്‍ക്ക് അനുസൃതമായാണ് നിയമഭേദഗതി തയാറാക്കിയിരിക്കുന്നതെന്ന് ഫാഥെല്‍ പറഞ്ഞു. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കരടു നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഒളിംപിക് കമ്മിറ്റി യാതൊരു തടസവും ഉന്നയിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി, ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫ തുടങ്ങി നിരവധി കായിക സംഘടനകളാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് കുവൈറ്റിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. നിയമങ്ങള്‍ക്കു വിരുദ്ധമായി കായിക മേഖലയില്‍ സര്‍ക്കാര്‍ കൈകടത്തുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് 2015 ഒക്ടോബറിലായിരുന്നു ഇത്. 2012 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തിലാണ് സ്‌പോര്‍ട്‌സ് വിഷയങ്ങളില്‍ സര്‍ക്കാരിന് ഇടപെടാമെന്ന നിലയിലേക്ക് കുവൈറ്റ് സ്‌പോര്‍ട്‌സ് നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയാണ് പ്രശ്‌നങ്ങള്‍ക്ക് ആധാരമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.