സൗത്ത് സോണ്‍ എഡിജിപി ബി. സന്ധ്യ മേല്‍നോട്ടം വഹിക്കും. ആരോപണ വിധേയനായ ജയന്തനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാളെ വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍.
പരാതിക്കാരിയായ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതടക്കമുള്ള ആരോപണുയര്‍ന്ന ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിയാണ് പുതിയ അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരിക്കുന്നത്. എഡിജിപി ബി. സന്ധ്യയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന് പാലക്കാട് ടൗണ്‍ എഎസ്‌പി ജി. പൂങ്കുഴലി നേതൃത്വം നല്‍കും. തൃശൂര്‍ സിറ്റി, റൂറല്‍ പൊലീസ് മേധാവികളായ ഡോ. ഹിമേന്ദ്രനാഥും ആര്‍ നിശാന്തിനിയും ദൈനംദിന അന്വേഷണത്തെ സഹായിക്കും. സംഘത്തില്‍ രണ്ട് സിഐമാര്‍. ഒല്ലൂര്‍ സിഐ കെ.കെ. സജീവും ആലത്തൂര്‍ സിഐ എലിസബത്തും. തൃശൂരെത്തിയ എഡിജിപി ബി. സന്ധ്യ അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തി. യുവതിയുടെ പരാതിയില്‍ ആദ്യം മുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം. അതേസമയം ആരോപണ വിധേയനായ കൗണ്‍സിലര്‍ ജയന്തന്റൈ രാജിക്കായുള്ള പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
