വാഹനങ്ങളുടെ സ്ഥാനവും നീക്കവും നിരീക്ഷിക്കാന്‍ ജി.പി.എസ് സാങ്കേതിക വിദ്യയും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷനുമാണ് (ആര്‍.എഫ്.ഐ.ഡി) ഉപയോഗിക്കുന്നത്.

ദില്ലി: രാജ്യത്തെ ദേശീയ പാതകളില്‍ ടോള്‍ പിരിക്കാന്‍ പുതിയ സംവിധാനമൊരുക്കുന്നു. ടോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ദേശീയ പാതകളില്‍ പ്രവേശിക്കുന്നത് മുതല്‍ വാഹനത്തെ നിരീക്ഷിച്ച ശേഷം സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍ പിരിക്കുന്ന സംവിധാനം ഉടന്‍ നടപ്പില്‍ വരും. ജിയോ ഫെന്‍സിങ് എന്ന് പേരിട്ടിരിക്കുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ദില്ലി-മുംബൈ ദേശീയ പാതയില്‍ ഉടന്‍ നടപ്പാക്കുമെന്ന് ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു.

വാഹനങ്ങളുടെ സ്ഥാനവും നീക്കവും നിരീക്ഷിക്കാന്‍ ജി.പി.എസ് സാങ്കേതിക വിദ്യയും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷനുമാണ് (ആര്‍.എഫ്.ഐ.ഡി) ഉപയോഗിക്കുന്നത്. ഇവ ഉപയോഗിച്ച് ഒരു സാങ്കല്‍പ്പിക അതിര് സൃഷ്ടിച്ച ശേഷമാണ് വാഹനങ്ങള്‍ നിരീക്ഷിക്കുക. യാത്ര തുടങ്ങുന്നയിടങ്ങളിലും നിശ്ചിത അകലങ്ങളിലും ടോള്‍ പ്ലാസകള്‍ സ്ഥാപിക്കും. വാഹനത്തിന്റെ സഞ്ചാര വിവരങ്ങള്‍ ടോള്‍ പ്ലാസകളില്‍ ലഭ്യമാവും. വാഹനങ്ങളുടെ മുന്‍ ഗ്ലാസുകളില്‍ ഒട്ടിച്ചുവെയ്ക്കാവുന്ന ഫാസ്റ്റ് ടാഗുകള്‍ വഴി ഓണ്‍ലൈനായും പണമടയ്ക്കാം. ഇതിലൂടെ ടോള്‍ പ്ലാസകളിലെ വലിയ തിരക്ക് ഒഴിവാക്കാനാവും.