ഞായറാഴ്ച ചേര്‍ന്ന യു.എ.ഇ മന്ത്രിസഭാ യോഗമാണ് പുതിയ തരം വിസ സമ്പ്രദായത്തിന് അനുമതി നല്‍കിയത്. ഉയര്‍ന്ന യോഗ്യതയുള്ളവരേയും പ്രതിഭകളേയും യു.എ.ഇയിലേക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തിലാണ് ഇത് നടപ്പിലാക്കുന്നത്. അവരസരങ്ങളുടെ നാടായ യു.എ.ഇ, സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ മികച്ച സാഹചര്യങ്ങളാണ് ഒരുക്കുന്നതെന്ന് മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍റാഷിദ് അല്‍ മക്തൂം പറഞ്ഞു.
പുതിയ വിസ സമ്പ്രദായം വിവിധ ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍ ടൂറിസം, ചികിത്സ, വിദ്യാഭ്യാസം എന്നിവയിലായിരിക്കും വിസകള്‍ അനുവദിക്കുക. രണ്ടാം ഘട്ടത്തില്‍ മെഡിക്കല്‍, സയന്റിഫിക് റിസര്‍ച്ച്, ടെക്നോളജി എന്നീ മേഖലകളിലെ വിദഗ്ധരേയും വ്യവസായികളേയും ആകര്‍ഷിക്കുന്ന തരത്തിലുള്ളവയായിരിക്കും. വിസ അനുവദിക്കാനായുള്ള മേഖലകള്‍ ഏതൊക്കെയെന്ന് മനസിലാക്കി റിപ്പോര്‍ട്ട് നല്‍കാനായി ഒരു പ്രത്യേക കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്. ഈ കമ്മിറ്റി അസാധാരണ കഴിവുകളുള്ള വ്യക്തികളേയും സ്ഥാപനങ്ങളേയും സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കും. അന്താരാഷ്‌ട്ര തലത്തിലും മേഖലാ തലത്തിലും റിപ്പോര്‍ട്ടുകള്‍ നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
പുതിയ വിസ സമ്പ്രദായം ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ യു.എ.ഇയില്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്. അന്താരാഷ്‌ട്ര കമ്പനികള്‍ക്ക് അവരുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് യു.എ.ഇയിലേക്ക് മാറ്റുന്നതിന് സഹായം ലഭിക്കുന്നത് ഉള്‍പ്പടെയുള്ളവ പുതിയ സംവിധാനത്തില്‍ ഉണ്ടാകും.
