ന്യൂയോർക്ക് സിറ്റി: കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തുന്നതിനിടെ കാമുകന്റെ കൈയ്യിൽനിന്നും മോതിരം അഴുക്ക് ചാലിലേക്ക് വീഴുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ആ പ്രണയത്തിന്‍റെ പര്യവസാനം ഇത്ര മനോഹരമാക്കിയത്. ‍അമേരിക്കയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ മാന്‍ഹട്ടനിലെ ടൈംസ് സ്ക്വയറില്‍ വച്ച് നടന്ന വിവാഹാഭ്യർത്ഥനയിലാണ് കാമുക‍ന്‍റെ കൈയ്യിൽനിന്നും വിവാഹ മോതിരം എട്ടടി ആഴത്തിലുള്ള അഴുക്കുചാലിലേക്ക് വീണത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. 

ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തത്തിൽ കാമുകിയെ അണിയിക്കാൻ കരുതിയ മോതിരം കളഞ്ഞുപോയ ദുഖം ഇരുവരുടേയും മുഖത്ത് പ്രകടമായിരുന്നു. കാമുകൻ മോതിരം വീണ്ടെടുക്കാൻ ശ്രമിക്കുന്നതും പരാജയപ്പെടുകയും ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിച്ചിരുന്നു. തുടർന്ന് ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ട ന്യൂയോർക്ക് പൊലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍  ആ മോതിരം കണ്ടെത്തി. പക്ഷേ പൊലീസ് തിരച്ചില്‍ നടത്തുന്നതിന് മുന്‍പ് തന്നെ കമിതാക്കള്‍ ടൈംസ് സ്ക്വയറില്‍ നിന്ന് പോയിരുന്നു. 

പിന്നീട് ആ കമിതാക്കൾക്കുള്ള തിരച്ചിലായിരുന്നു പൊലീസ്. കണ്ടെടുത്ത മോതിരവും സിസിടിവി ദൃശ്യങ്ങളും ഉൾപ്പടെ പൊലീസ് ട്വീറ്റ് ചെയ്തു.
മോതിരം കിട്ടിയിട്ടുണ്ടെന്നും തിരിച്ചറിയാത്ത ആ കമിതാക്കളെ മോതിരം തിരിച്ച് ഏൽപ്പിക്കണമെന്നുമായിരുന്നു ട്വീറ്റ്. പിന്നീട് അവർക്കുള്ള തിരച്ചലിലായിരുന്നു സോഷ്യല്‍ മീഡിയയും. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കം നൂറുകണക്കിന് ആളുകളാണ് ട്വീറ്റ് പങ്കുവച്ചത്. അങ്ങനെ ഒരു ദിവസത്തെ ശക്തമായ തിരച്ചിലിനൊടുവിൽ കമിതാക്കളെ പൊലീസ് കണ്ടെത്തി. ഇവരെ കണ്ടെത്താൻ‌ സഹായിച്ച ട്വീറ്റർ സുഹൃത്തുക്കൾക്ക് പൊലീസ് നന്ദി അറിയിക്കുകയും ചെയ്തു.