ദില്ലി: ദില്ലിയിലെ ആശുപത്രി ചവറ്റുകുട്ടയില്‍ നിന്ന് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ദില്ലിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ മോര്‍ച്ചറിയ്ക്ക് സമീപമുള്ള ചവറ്റുകുട്ടയില്‍ നിന്നാണ് പെണ്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ടാഗ് പ്രകാരം ജനുവരി 27ന് ഉച്ചസമയത്താണ് കുട്ടി ജനിച്ചിരിക്കുന്നതെന്നും, കുട്ടിക്ക് 1.42 കിലോഗ്രാം തൂക്കമുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി. 

സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് കുട്ടിയുടെ പിതാവിനെ കണ്ടെത്തി ചോദ്യം ചെയ്തു. മകള്‍ ജനിച്ചപ്പോള്‍ ജീവന്‍ ഇല്ലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ കുട്ടിയെ തന്‍റെ കൈയില്‍ ഏല്‍പ്പിച്ചപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും അതിനാലാണ് താന്‍ ചവറ്റുകുട്ടയ്ക്കുള്ളില്‍ ഉപേക്ഷിച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

എന്നാല്‍ ആശുപത്രി അധികൃതര്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.