വീടിനുള്ളിലും പരിസരത്തും മുളകുപൊടി വിതറിയിരുന്നു. പോലീസ് നായ വീടിന് 200 മീറ്റര്‍ അകലെ വരെ പോയി മടങ്ങി.

വെള്ളമുണ്ട: വയനാട് വെള്ളമുണ്ടയില്‍ യുവദന്പതിമാർ വെട്ടേറ്റ് മരിച്ചത് മോഷണശ്രമത്തിനിടെയെന്ന് പോലീസ്. മരിച്ച ഫാത്തിമയുടെ 10 പവന്‍ ആഭരണങ്ങള്‍ നഷ്ടപെട്ടുവെന്ന് ഉറപ്പായതോടെയാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്. ഉമറിന്‍റെയും ഫാത്തിമയുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാളെ സംസ്കരിക്കും.

കൊലപാതകം മോഷണശ്രമത്തിനിടെയെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഇക്കാര്യം ഉറപ്പിക്കാന്‍ പോലീസ് തുടക്കത്തില്‍ തയാറായിരുന്നില്ല. ഡോഗ് സ്ക്വാഡും വിരളടയാള വിദഗ്ദരും തെളിവുശേഖരിച്ച ശേഷം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അപ്പോഴാണ് ഫാത്തിമയുടെ ആഭരണങ്ങള്‍ നഷ്ടപെട്ടതായി കണ്ടത്. കമ്മല്‍ ഒഴികെ മറ്റെല്ലാ ആഭരണങ്ങളും വീട്ടില്‍ നിന്നും മോഷണം പോയിട്ടുണ്ടെന്ന് ബന്ധുക്കളും സ്ഥിരീകരിച്ചു. ഇരുവരും മാത്രമെ വീട്ടിലുള്ളുവെന്ന് അറിയാവുന്ന ആരോ ആണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസിന്‍റെ സംശയം. പരിശീലനം സിദ്ധിച്ച മോഷണസംഘമാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. 

വീടിനുള്ളിലും പരിസരത്തും മുളകുപൊടി വിതറിയിരുന്നു. പോലീസ് നായ വീടിന് 200 മീറ്റര്‍ അകലെ വരെ പോയി മടങ്ങി. വെള്ളമുണ്ടയില്‍ മുമ്പ് നടന്ന മുഴുവന്‍ മോഷണങ്ങളെകുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. അന്യസംസ്ഥാന സംഘമാണോ എന്നും പോലീസ് സംശയിക്കുന്നു. ഇന്നു രാവിലെയാണ് 12മൈല്‍ സ്വദേശികളായ വാഴയില്‍ ഉമ്മറിനെയും ഭാര്യ ഫാത്തിമയെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വീട്ടിന്‍റെ പിന്‍വാതില്‍ പൊളിച്ച് അകത്തുകടന്നായിരുന്നു കൊലപാതകം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ഇരുവരുടെയും മൃതുദേഹം പോസ്റ്റുമോര്‍ത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കോണ്ടുപോയി. നാളെ ഉച്ചയോടെ ഖബറടക്കും.