ലോകകപ്പിന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ് സൂപ്പര്‍താരം പൊട്ടിക്കരഞ്ഞത്
മോസ്കോ: കാല്പന്ത് ലോകം ഒന്നടങ്കം ലോകകപ്പിന്റെ ആവേശത്തിലാണ്. ജര്മനിയ്ക്കൊപ്പം ബ്രസീലാണ് ഫേവറിറ്റുകളുടെ പട്ടികയില് മുന്നില്. നെയ്മറെന്ന സ്ട്രൈക്കര് തന്നെയാണ് ബ്രസീലിന്റെ കരുത്ത്. മോസ്കോയില് നിന്ന് ലോകകപ്പുമായി നെയ്മറും സംഘവും മടങ്ങിയെത്തുമെന്നാണ് ബ്രസീലിന്റെ വിശ്വാസം. കാനറികളുടെ ലോകമെമ്പാടുമുള്ള ആരാധകരും അതേ പ്രതീക്ഷയില് തന്നെയാണ്.
അതിനിടയിലാണ് കണ്ണീരണിഞ്ഞുകൊണ്ടുള്ള നെയ്മറിന്റെ വീഡിയോ പുറത്തുവന്നത്. ബ്രസീലിലെ ഒരു ചാനല് ലോകകപ്പിന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ് സൂപ്പര്താരം പൊട്ടിക്കരഞ്ഞത്. ലോകത്തെ ഏറ്റവും വിലയേറിയ താരത്തിന്റെ കുട്ടിക്കാലം ഓര്മ്മിപ്പിക്കുന്നതിനായി അണിയിച്ചൊരുക്കിയ മുറിയായിരുന്നു ഇതിന് കാരണം.
വേദന നിറഞ്ഞ കുട്ടിക്കാലമായിരുന്നു നെയ്മറിന്റെത്. സാവോപോളോയിലെ നെയ്മറിന്റെ വിടിന്റെ ഉള്വശം അതേപടി സൃഷ്ടിക്കുകയായിരുന്നു ചാനല്. ബെഡ്റൂം അതേപടി വീണ്ടും കണ്ടപ്പോള് ബ്രസീലിയന് നായകന് കരയാതിരിക്കാനാകുമായിരുന്നില്ല.
നെയ്മര് പൊട്ടിക്കരയുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. വേദനകളുടെ കുട്ടിക്കാലത്തെ പ്രതിഭകൊണ്ട് മായ്ച്ചുകളഞ്ഞ നെയ്മര് ഇക്കുറി ലോകകപ്പില് മുത്തമിട്ട് കാല്പന്തുലോകത്തെ ഇതിഹാസമായി മാറുമെന്നാണ് വീഡിയോ കണ്ട ആരാധകര് പങ്കുവയ്ക്കുന്ന വികാരം.
