പിഎസ്ജിക്കുവേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റ നെയ്മര്‍ മാസങ്ങളായി വിശ്രമത്തിലായിരുന്നു രണ്ട് സന്നാഹ മത്സരങ്ങളിലും ഗോള്‍ നേടിയ നെയ്മര്‍ ബ്രസീലിന് വിജയം സമ്മാനിച്ചിരുന്നു  

മോസ്കോ: സ്വന്തം മണ്ണില്‍ വിരുന്നെത്തിയ ലോകകപ്പില്‍ കഴിഞ്ഞതവണ നാണംകെട്ട് പുറത്തായതിന്‍റെ അപമാനഭാരം ബ്രസീലിനെ ഇപ്പോഴും വേട്ടയാടുകയാണ്. റഷ്യന്‍ മണ്ണില്‍ ലോകകിരീടം ഉയര്‍ത്തി കാനറികള്‍ ഫുട്ബോള്‍ ലോകത്തിന്‍റെ നെറുകയിലേക്ക് പറന്നുയരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. നെയ്മറെന്ന നായകനിലാണ് സാംബാ താളത്തിന്‍റെ ചുവടൊച്ച അവര്‍ കേള്‍ക്കുന്നതും. 

എന്നാല്‍ ആരാധകരെ നിരാശരാക്കുന്നതാണ് പരിശീലകന്‍ ടിറ്റേയുടെ വെളിപ്പെടുത്തല്‍. ബ്രസീലിന്‍റെ ആദ്യ മത്സരത്തിന് വിസില്‍ മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് ട്വിറ്റെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സൂപ്പര്‍ താരം നെയ്മര്‍ 100 ശതമാനം മത്സര സജ്ജനായിട്ടില്ലെന്ന് പരിശീലകന്‍ വ്യക്തമാക്കി.

പിഎസ്ജിക്കുവേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റ നെയ്മര്‍ മാസങ്ങളായി വിശ്രമത്തിലായിരുന്നു. ബ്രസീലിന്‍റെ ലോകകപ്പ് സന്നാഹ മത്സരത്തില്‍ കഴിഞ്ഞ ആഴ്ചയാണ് നെയ്മര്‍ വീണ്ടും കളത്തിലെത്തിയത്. രണ്ട് മത്സരങ്ങളിലും ഗോള്‍ നേടിയ നെയ്മര്‍ ബ്രസീലിന് വിജയം സമ്മാനിക്കുകയും ചെയ്തു. നെയ്മര്‍ ഫോമിന്‍റെ പാരമ്യത്തിലായതോടെ ബ്രസീലിന്‍റെ കിരീട പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ പരിശീലകന്‍റെ വാക്കുകള്‍ ആരാധകരെ ആശങ്കയിലാക്കുന്നതാണ്. നൂറ് ശതമാനം ഫിറ്റല്ലെന്നത് നെയ്മറുടെ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണവര്‍. മാത്രമല്ല കടുത്ത മത്സരങ്ങള്‍ക്കിടെ പരിക്കിന്‍റെ തോത് വര്‍ധിക്കുമോയെന്ന ഭയവും അവര്‍ക്കുണ്ട്. അങ്ങനെ സംഭവിച്ചാല്‍ മഞ്ഞപ്പടയുടെ കിരീട സാധ്യതകളെ അത് ബാധിക്കും.