രണ്ട് ദിവസത്തിനകം ഡിവൈഎസ്പിയുടെ അറസ്റ്റുണ്ടാവുമെന്ന സൂചന നല്‍കി ക്രൈംബ്രാഞ്ച്. രക്ഷപ്പെടാന്‍ സഹായിച്ചവരുടെ മൊഴികളില്‍ നിന്നാണ് ഹരികുമാറിന്റെ നീക്കങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത്.

തിരുവനന്തപുരം: രണ്ട് ദിവസത്തിനകം ഡിവൈഎസ്പിയുടെ അറസ്റ്റുണ്ടാവുമെന്ന സൂചന നല്‍കി ക്രൈംബ്രാഞ്ച്. രക്ഷപ്പെടാന്‍ സഹായിച്ചവരുടെ മൊഴികളില്‍ നിന്നാണ് ഹരികുമാറിന്റെ നീക്കങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത്. സനല്‍കുമാര്‍ വധത്തില്‍ അറസ്റ്റുകള്‍ തുടങ്ങിയതോടെ മുഖ്യപ്രതിയായ ഹരികുമാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. അറസ്റ്റ് ചെയ്തവരില്‍ നിന്നും ഹരികുമാറിന്റെയും ബിനുവിന്റെയും നീക്കങ്ങളെക്കുറിച്ച് നിര്‍ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. 

ഇന്ന് കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റുണ്ടാകുമെന്ന സൂചന ക്രൈംബ്രാഞ്ച് നല്‍കുന്നു. ഇന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഐജി ശ്രീജിത്ത് അന്വേഷണ പുരോഗതി വിലയിരുത്തും. തമിഴ്‌നാട് അതിര്‍ത്തിയിലെവിടെയോ ഹരികുമാര്‍ ഉണ്ടെന്നാണ് നിഗമനം. അറസ്റ്റിലായ തൃപ്പരിപ്പിലെ ലോഡ്ജുടമ സതീശ് സംഘടിപ്പിച്ചു നല്‍കിയ രണ്ട് സിം കാര്‍ഡുകളില്‍ നിന്നും ഹരികുമാര്‍ വിളിച്ച കോളുകളുടെ വിശദാംശങ്ങള്‍ ഇന്ന് ക്രൈം ബ്രാഞ്ചിന് ലഭിക്കും. 

ഇത് അന്വേഷണത്തില്‍ നിര്‍ണായകമാണ്. ഹരികുമാറുമായി അടുപ്പമുള്ള മൂന്ന് പേരെ ക്രൈംബ്രാഞ്ച് ഇപ്പോഴും ചോദ്യം ചെയ്യുകയാണ്. ദൃക്‌സാക്ഷികളായ ഹോട്ടലുടമ മാഹിന്റെയും സജികുമാറിന്റെയും രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയേക്കും. ബിനുവിന്റെ അറസ്റ്റിലായ മകന്‍ അനൂപ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.