കൊല്‍ക്കത്ത: ഗോ സംരക്ഷണത്തിന്‍റെ പേരില്‍ നിരപരാധികള്‍ കൂട്ട മര്‍ദ്ദനത്തിനിരയായ രാജ്യമായ ഇന്ത്യയില്‍ 'പശു' വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഗോ സേവാ പരിവാര്‍ എന്ന സംഘടനയാണ് പശുവിനെ വീണ്ടും ചര്‍ച്ചയാക്കുന്നത്. പശുവുമായി ബന്ധപ്പെടുത്തി സെല്‍ഫി മല്‍സരം സംഘടിപ്പിച്ചിരിക്കുകയാണ് ഗോ സേവാ പരിവാര്‍. സെല്‍ഫി വിത്ത് കൗ എന്നാണ് മല്‍സരത്തിന്റെ പേര്. 

പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം ലക്ഷ്യമാക്കിയാണ് മല്‍സരം സംഘടിപ്പിക്കുന്നതെന്നാണ് സംഘടനയുടെ അവകാശവാദം. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ ഗോസേവാ പരിവാര്‍ എന്ന ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുകയും ഇതില്‍ പശുവിനൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്യുകയും വേണം. ഡിസംബര്‍ 31 വരെയാണ് മല്‍സരത്തില്‍ പങ്കെടുക്കാനുള്ള അവസാനത്തീയതി. ജനുവരി 21 നാണ് വിജയികളെ തിരഞ്ഞെടുക്കുക. 

പശുവില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക ലാഭവും ഔഷധഗുണവും സംബന്ധിച്ച് സന്ദേശം നല്‍കുന്നതിനൊപ്പം ഗോ വധത്തിനെതിരെ ബോധവല്‍ക്കരണം ലക്ഷ്യമിട്ടാണ് മല്‍സരം സംഘടിപ്പിക്കുന്നത്. മല്‍സരത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് എന്‍ജിഒ ഭാരവാഹിയായ അഭിഷേക് പ്രതാപ് സിങിന്റെ പ്രതികരണം.