തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരത്ത് എസ് ബി ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസിൽ എട്ട് എന്‍ ജി ഒ നേതാക്കൾക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എട്ട് പ്രതികള്‍ ചേര്‍ന്ന് നഷ്ടമുണ്ടാക്കിയ ഒന്നര ലക്ഷം കെട്ടി വയ്ക്കണം. ഓരോ പ്രതികളും ഒരു ലക്ഷം രൂപയുടെ ബോണ്ട് ജാമ്യവ്യവസ്ഥയായി നൽകണം. എല്ലാ ഞായറാഴ്ചകളിലും സ്റ്റേഷനിൽ ഒപ്പിടണം എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍.

കേസില്‍ ഏരിയ കമ്മറ്റി സെക്രട്ടറി അശോക്, എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി അംഗം ഹരിലാൽ, എൻ ജി ഒ നേതാവ് പി കെ വിനുകുമാർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് അനിൽ കുമാർ, സംസ്ഥാന കമ്മറ്റി അംഗം സുരേഷ് ബാബു,യൂണിയൻ നേതാക്കളായ ബിജോയ് രാജ്, ശ്രീ വത്സൻ, സുരേഷ് കുമാർ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. 

ഈ മാസം 8, 9 തീയതികളിൽ നടന്ന ദേശീയപണിമുടക്കിന്‍റെ രണ്ടാം ദിവസമാണ് തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് അടിച്ചു തകർത്തത്. സ്റ്റാച്യൂവിനടുത്ത് സംയുക്ത സമരസമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്. റിമാൻഡിൽ കഴിയുന്ന എല്ലാ പ്രതികളെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. അക്രമത്തില്‍ ബാങ്കില്‍ ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.