ബാ‌റിനും ഹോട്ടലിനുമായി ദേശീയപാത അതോറിറ്റിയുടെ കള്ളക്കളി കൊല്ലത്ത് ദേശീയപാത വളയ്ക്കുന്നു

കൊല്ലം: ബാറും ഹോട്ടലും പൊളിക്കാതിരിക്കാൻ കൊല്ലം ശക്തികുളങ്ങരയില്‍ ദേശീയപാത വളയ്ക്കുന്നു. വീടുകളുള്ള മറുഭാഗത്തേക്ക് കൂടുതൽ സ്ഥലമെടുത്താണ് ദേശീയ പാത അതോറിറ്റിയുടെ കള്ളക്കളി. 2013ൽ നിവർത്തിയ പാത 2017ലെ പുതിയ വിജ്ഞാപനത്തിൽ കൊടുംവളവാണ്.

കൊല്ലത്ത് നിര്‍ദ്ദിഷ്ട ബൈപ്പാസ് ദേശീയപാതയില്‍ വന്നിറങ്ങുന്ന കാവനാട്. അവിടെ നിന്നും നീണ്ടകര പാലം വരെയുള്ള ഒന്നരകിലോമീറ്റർ പാതയിൽ നിരവധി വളവുകളുണ്ട്. പുതിയ നാല് വരി പാത വരുമ്പോള്‍ വളവുകള്‍ നേരെയാക്കാൻ തീരുമാനിച്ച് 2013 ല്‍ വിജ്ഞാപനമിറക്കി. അതു പ്രകാരം മറിയാലയം ബാറും സുപ്രഭാതം ഹോട്ടലും ഈ പെട്രോള്‍ പമ്പുമടക്കം പൊളിക്കേണ്ടി വരും. 

2017 ലെ പുതിയ വിജ്ഞാപനത്തില്‍ ബാറും ഹോട്ടലുമുള്ള ഈ ഭാഗം പൂര്‍ണ്ണമായും സംരക്ഷിച്ച് ദേശീയപാത കൂടുതല്‍ വളച്ച് അലൈൻമെന്‍റ് മാറ്റി. 2013 ലെ വിജ്ഞാപനത്തിനെതിരെ പരാതി നൽകിയവരെയോ പ്രദേശവാസികളെയോ സർവ്വേയെ കുറിച്ചോ അലൈൻമെന്‍റ് മാറ്റത്തെ കുറിച്ചോ അറിയിച്ചതുമില്ല. കാവനാട് നിന്ന് നീണ്ടകരയിലേക്ക് പോകുന്ന ഭാഗത്ത് നിലവിലുള്ള റോഡിന്‍റെ ഇടത് വശത്ത് നിന്ന് മാത്രമായി കൂ‍ടുതല്‍ സ്ഥലമെടുത്തു.

നേരത്തെയുള്ള 15 മീറ്ററിന് പുറമേ 14 മീറ്റർ കൂടി എടുത്തു. ആകെ 29 മീറ്റര്‍.അതേസമയം വലത് വശത്ത് നിന്ന് മുൻപെടുത്ത 8 മീറ്ററിന് പുറമേ , ഇത്തവണ എടുത്തത് എട്ട് മീറ്റര്‍ മാത്രം. ആകെ എടുക്കുന്നത് 16 മീറ്റർ. ബാറിനും ഹോട്ടലിനും സംരക്ഷണം. പക്ഷേ ഇല്ലാതാകുന്നത് ആറ് വീടുകളും രണ്ട് ആശുപത്രികളും.