കഴിഞ്ഞ ദിവസം മധുരയില്‍ അറസ്റ്റിലായ ബേസ് മൂവ്മെന്റ് പ്രവര്‍ത്തകരെ ചോദ്യം ചെയ്തില്‍ നിന്നാണ് കൊല്ലം, മലപ്പുറം, മൈസൂര്‍, ചിറ്റൂര്‍ നെല്ലൂര്‍ എന്നിവിടങ്ങിടങ്ങളില്‍ നടത്തിയ സ്ഫോടനങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. 2015 ജനുവരിയിലാണ് ബേസ് മൂവ്മെന്റ് എന്ന തീവ്രവാദ സംഘടനക്ക് തുടക്കമിട്ടത്. മധുരയില്‍ ലൈബ്രറി നടത്തിപ്പുകാരനായ അബ്ബാസ്, അല്‍ ഖ്വയ്ദ ആശയങ്ങളടങ്ങിയ പുസ്തകങ്ങള്‍ നിരവധി വായിച്ചിരുന്നു. ഇന്റര്‍നെറ്റ് വഴിയാണ് സംഘത്തിലെ പ്രധാനിയായ ദാവൂദ് തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്‌ടനായത്. അബ്ബാസും ഷംസുദ്ദീനും ചേര്‍ന്നാണ് ബോംബുകള്‍ നി‍ര്‍മ്മിച്ചിരുന്നത്.

മധുരയിലെ ഇമാം അലിയുടെ സംഘത്തില്‍ നിന്നും ഇരുവര്‍ക്കും ബോംബ് നിര്‍മാണത്തില്‍ പരിശീലനം ലഭിച്ചിരുന്നു. സ്ഫോടന സ്ഥലത്ത് നിന്നും കണ്ടെത്തിയ പെന്‍ഡ്രൈവുകളിലെ ലഘുലേഖകള്‍ തയ്യാറാക്കിയിരുന്നത് ദാവൂദായിരുന്നു. ഈ ലഘുലേഖകള്‍ കരീമിന്റെ പ്രസില്‍ വച്ചാണ് പ്രിന്റ് ചെയ്തിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കരീമും ദാവൂദും ചേര്‍ന്നാണ് ബോംബുകള്‍ കോടതി വളപ്പുകളില്‍ സ്ഥാപിച്ചിരുന്നതെന്ന് എന്‍.ഐ.എ അറിയിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡിസംബറില്‍ ബംഗളുരുവില്‍ സ്ഫോടനം നടത്താനിരിക്കെയാണ് സംഘം പിടിയിലായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിലായവരെ മലപ്പുറത്തും കൊല്ലത്തുമെത്തിച്ച് തെളിവെടുക്കും.