ലക്‌നോ: എന്‍ഐഎ ഉദ്യോഗസ്ഥന്‍ തന്‍സീല്‍ അഹമ്മദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ്‍ ചെയ്തതായി ഉത്തര്‍പ്രദേശ് പോലീസ് സ്ഥിരീകരിച്ചു. തന്‍സീലിന്റെ അടുത്ത ബന്ധുക്കളെയാണ് അറസ്റ്റ് ചെയ്തത്.കൊലപാതകത്തിന്‍റെ മുഖ്യ പ്രതിയായ മുനീറിന് വേണ്ടി തെരച്ചില്‍ ശക്തമാക്കി.റിയാന്‍ സിസിറ്റിവി ക്യാമറയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ തടസപ്പെടുത്താമെന്ന് ചിലരോട് അന്വേഷിച്ചിരുന്നു.ഇത് സംബന്ധിച്ച് വിവരം ലഭിച്ചതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കുടുംബപരമായ തര്‍ക്കമാണ് മൊഹമ്മദ് തന്‍സീല്‍ അഹമ്മദിന്റെ കൊലപാതകത്തിന് കാരണമെന്നാണ് ഉത്തര്‍പ്രദേശ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.പല തീവ്രവാദ കേസ്സുകളും അന്വേഷിച്ചിരുന്ന തന്‍സീലിന്റെ അഹമ്മദിന്‍റെ കൊലപാതകത്തില്‍ ഭികര സംഘനകളുടെ പങ്ക് സംബന്ധിച്ച് തീവ്രവാദ വിരുദ്ധ സ്ക്വാ‍ഡിന്റെയും അന്വേഷണം നടക്കുമ്പോഴാണ് രണ്ട് ബന്ധുക്കളെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.ഇവരെ വ്യാഴാഴ്ച്ച കസ്റ്റഡിയിലെടുത്തിരുന്നു. തന്‍സീലിന്റെ ബന്ധുവായ റിയാന്‍ നടത്തിയ സംശയകരമായ ഇടപെടലാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

റിയാന് പുറമെ ഇയാളുടെ അച്ഛനായ ജൈനുലിനെയും പോലീസ് അറസ്റ്റ് ചെയ്തു.നിര്‍ണ്ണായക ഘട്ടത്തില്‍ പ്രതീക്ഷിച്ച സഹായം തന്‍സീല്‍ അഹമ്മദ് ഇവര്‍ക്ക് നല്‍കാതിരുന്നതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് വഴിവെച്ചതെന്ന് ബെറേലി ഐജി വിജയ് മീണ പറഞ്ഞ‌ു.തന്‍സീലിനെ വെടിവെച്ചത് പല കേസ്സുകളിലും തന്‍സീലിന് രഹസ്യ വിവരങ്ങള്‍ നല്‍കിയിരുന്ന മുനീറെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

റിയാന്‍ ഓടിച്ചിരുന്ന ബൈക്കിന് പിന്നിലിരുന്നാണ് മുനീര്‍ വെടിയുതിര്‍ത്തത്.ഒളിവില്‍ പോയ മുനീറിന് വേണ്ടി പോലീസ് തെരച്ചില്‍ ശക്തമാക്കി.കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ ചോദ്യം ചെയ്തതായി ഐജി വിജയ് മീണ വ്യക്തമാക്കി.ഈ മാസം മൂന്നിനാണ് എന്‍ഐഎ ഉദ്യോഗസ്ഥന്‍ മുഹമ്മദ് തന്‍സീല്‍ അഹമ്മദ് വെടിയേറ്റ് മരിച്ചത്.