കോഴിക്കോട്: സിപിഎം സംസ്ഥാന പ്രസിഡന്റ് കോടിയേരി ബാലകൃഷ്ണനെ എന്‍.ഐ.എ ചോദ്യം ചെയ്യണമെന്ന് എസ്.ഡി.പി.ഐ. ഐ.എസിന്റെ ഇന്ത്യന്‍ പതിപ്പാണ് എസ്.ഡി.പി.ഐ എന്ന കോടിയേരിയുടെ പ്രസ്താവന കണക്കിലെടുത്ത് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ തയ്യാറാകണമെന്നാണ് എസ്.ഡി.പി.ഐ പ്രസിഡന്‍റ് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടത്. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ കോടിയേരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. 

രാവിലെ എസ്.ഡി.പി.ഐയെ രൂക്ഷമായി വിമര്‍ശിച്ച കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ക്കെതിരെയും സംഘടന രംഗത്തെത്തി. മുസ്ലീം സമുദായത്തിന് വേണ്ടി പ്രവർത്തിക്കാന്‍ ഏതെങ്കിലും സംഘടനയ്ക്ക് സർട്ടിഫിക്കറ്റ് നൽകുന്ന അതോരിറ്റിയല്ല കാന്തപുരമെന്നായിരുന്നു പ്രതികരണം. ഏത് ഫ്രണ്ടായാലും ഖുർആനും ഹദീസും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കിയിട്ടില്ലെന്നായിരുന്നു കാന്തപുരം പറഞ്ഞത്.