കണ്ണൂര്‍: കണ്ണൂര്‍ അഴീക്കോട്ടെ തോല്‍വിയെക്കുറിച്ച് മൂന്നാം ദിവസവും മാധ്യമങ്ങളോട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി നികേഷ്‌ കുമാര്‍ പ്രതികരിച്ചില്ല. എന്നാല്‍ മാധ്യമ പ്രവര്‍ത്തനത്തിലേക്കില്ലെന്നും രാഷ്ട്രീയരംഗത്ത് തന്നെ ഉറച്ച് നില്‍ക്കുമെന്ന്, വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ നികേഷ് സൂചിപ്പിച്ചു.

മാധ്യമപ്രവര്‍ത്തകനായിരുന്ന നികേഷ്‌കുമാര്‍ അഴീക്കോട് പരാജയമേറ്റുവാങ്ങിയ ശേഷം നിരവധി തവണ മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനോട് പ്രതികരണം ചോദിച്ചിരുന്നെങ്കിലും നികേഷ് മാധ്യമങ്ങള്‍ക്ക് മുഖം നല്‍കിയിരുന്നില്ല. മൂന്നാം ദിവസം പ്രതികരണം ചോദിച്ചപ്പോഴും നികേഷിന്റെ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം ആഹ്ലാദ പ്രകടനത്തിനിടെ സി പി ഐ എം പ്രവര്‍ത്തകന്‍ മരിച്ച സംഭവസ്ഥലത്ത് സി പി ഐ എം നേതാക്കളോടൊപ്പം നികേഷും വന്നിരുന്നു. മാത്രമല്ല അഴീക്കോട് മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ സി പി ഐ എം സംഘടിപ്പിച്ച യോഗങ്ങളിലും നികേഷ് സജീവമാണ്. രാഷ്ട്രീയരംഗത്ത് തുടരുമെന്ന സൂചനയാണ് നികേഷ് പ്രസംഗങ്ങളിലെല്ലാം നല്‍കുന്നത്.