ഉപതെരഞ്ഞെടുപ്പിന് 5 ദിവസം മാത്രം ബാക്കി നില്‍ക്കെ നിലമ്പൂരില്‍ പ്രചരണം ഊര്‍ജിതമാക്കി  സ്ഥാനാര്‍ത്ഥികള്‍‍

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പിന് 5 ദിവസം മാത്രം ബാക്കി നില്‍ക്കെ ആരോപണ പ്രത്യാരാപോണങ്ങളുമായി സ്ഥാനാര്‍ത്ഥികള്‍ പ്രചരണം ശക്തമാക്കി.നാട്ടിൽ പട്ടിയും പൂച്ചയും ഇറങ്ങുന്ന പോലെയാണ് നിലമ്പൂരിൽ ആനയും പുലിയും കടുവയും ഇറങ്ങുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്ത് ആരോപിച്ചു. മുഖ്യമന്ത്രി എത്ര ദിവസം കൂടുതൽ നിലമ്പൂരിൽ നിൽക്കുന്നുവോ അത്രയും തന്‍റെ ഭൂരിപക്ഷം കൂടുമെന്നും അദ്ദേഹം പറഞ്ഞു. അൻവറിനായി യൂസഫ് പത്താൻ പ്രചാരണത്തിന് എത്തുന്നത് കാര്യമാക്കുന്നില്ല. കുറെയേറെ സ്വതന്ത്രർ നിലമ്പൂരിൽ മത്സരിക്കുന്നുണ്ട്, അതിൽ ഒരാൾ മാത്രമാണ് അൻവർ .സിബിഐയെ ബിജെപി ഉപയോഗിക്കുന്ന പോലെയാണ് പോലീസിനേയും സർക്കാർ ഉദ്യോഗസ്ഥരെയും സിപിഎം ഉപയോഗിക്കുന്നത് അതാണ് ഷാഫിയുടെയും രാഹുലിന്‍റേയും പെട്ടി പരിശോധനയിലൂടെ പോലീസ് കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

വാഹന പരിശോധന വിഷയത്തിൽ വ്യക്തമായത് പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ പാപ്പരത്തമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക,നാടകം സൃഷ്ടിക്കുക എന്നതിലാണ് താത്പര്യം . കോൺഗ്രസുകാരുടെ വാഹനങ്ങൾ പരിശോധനയിൽ നിന്ന് ഒഴിവാക്കട്ടെ എന്ന് ആശംസിക്കുന്നു ജനങ്ങളെയോ നാടിനെയോ ബാധിക്കുന്ന വിഷയം പ്രതിപക്ഷം സംവദിക്കുന്നില്ല പ്രിയങ്കയുള്‍പ്പെടെ എല്ലാ നേതാക്കളും വരട്ടെ, അവരുടെ രാഷ്ട്രീയം പറയട്ടെ,അത് സ്വാഗതം ചെയ്യുന്നുവെന്നും സ്വരാജ് പറഞ്ഞു