മകളെ കണ്ടെത്താൻ ഏതറ്റം വരെയും പോകും  

ദില്ലി: ഐഎസ്സിൽ ചേർന്ന നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്‍രാജ് ആഹിറുമായി കൂടിക്കാഴ്ച്ച നടത്തി. മകളെ കണ്ടെത്താൻ ഏതറ്റം വരെയും പോകുമെന്ന് ബിന്ദു പറഞ്ഞു.കാര്യങ്ങൾ വിശദമായി പഠിച്ച് നിമിഷാ ഫാത്തിമയെ തിരികെ കൊണ്ടുവരാൻ ആവശ്യമായ സഹായം ചെയ്യാമെന്ന് മന്ത്രി ഉറപ്പു നൽകിയെന്നും ബിന്ദു ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

മകള്‍ ഐ എസില്‍ ചേര്‍ന്നതായി സംശയവുമായി തിരുവനന്തപുരത്തുനിന്നുള്ള നിമിഷയുടെ അമ്മ രംഗത്ത് വന്നിരുന്ന. ബി ഡി എസ് വിദ്യാര്‍ത്ഥിനിയായ മകള്‍ ഫാത്തിമ നിമിഷയെയും ഭര്‍ത്താവിനെയും കാണാനില്ലെന്നും സംഭവത്തില്‍ ഐ എസ് ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് ഫാത്തിമയുടെ ബന്ധുക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. കാസര്‍കോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നിമിഷ. ഇവിടെ നിന്നാണ് കുട്ടിയെ കാണാതായത്.

കാണാതാകുന്നതിന് നാലു ദിവസം മുമ്പ് പരിചയപ്പെട്ടയാളുമൊത്ത് നിമിഷ പോയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ക്രിസ്‌ത്യന്‍ മതവിശ്വാസിയായിരുന്ന യുവാവ് പിന്നീട് മുസ്ലീം മതം സ്വീകരിക്കുകയായിരുന്നു. കോളേജില്‍ പഠിക്കുന്ന സമയത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉള്‍പ്പടെയുള്ള തീവ്രസംഘടനകളുടെ യുദ്ധ വീഡീയോകള്‍ കാണുന്നതില്‍ ഏറെ ഇഷ്‌ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു നിമിഷ ഫാത്തിമയെന്ന് സഹപാഠികള്‍ പറയുന്നത്. കുട്ടിയെ കാണാതായ സമയത്ത് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ബന്ധുക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരായപ്പോള്‍ നിമിഷ ഫാത്തിമ ബുര്‍ഖ ധരിച്ചിരുന്ന അവസ്ഥയിലായിരുന്നുവെന്ന് അമ്മ ബിന്ദു പറഞ്ഞിരുന്നു.