പാര്‍ലമെന്റ് തുടങ്ങുന്നതിന് മുമ്പ് സ്‌പീക്കര്‍ സുമിത്ര മഹാജന്‍ ലോക്‌സഭയിലെ കക്ഷിനേതാക്കളുടെ യോഗം വിളിച്ചു. ഈ യോഗത്തില്‍ ഭഗവന്ത് മാന്‍ അച്ചടക്കം ലംഘിച്ചുവെന്നും അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യണമെന്നും ബിജെപി, സിരോമണി അകാലിദള്‍, തുടങ്ങിയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇക്കാര്യം പരിശോധിക്കാന്‍ ബിജെപി അംഗം കിരിത് സോമയ്യ അധ്യക്ഷനായ ഒന്‍പത് അംഗ സമിതിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിലെ കെ.സി വേണുഗോപാല്‍ സമിതിയില്‍ അംഗമാണ്. സഭ തുടങ്ങിയപ്പോള്‍ തന്നെ ഇക്കാര്യം സ്‌പീക്കര്‍ അറിയിച്ചു.

സമിതിക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കണമെന്ന് ഭഗവന്ത് മാനിനോടും സ്‌പീക്കര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കണ്ണൂരില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ മര്‍ദ്ദിച്ചുവെന്നും ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ജയിലിലടച്ചുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ശൂന്യവേളയില്‍ ആരോപിച്ചു. വിലക്കയറ്റം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കെ.സി വേണുഗോപാല്‍ ആരോപിച്ചു. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തില്‍ വെള്ളം ചേര്‍ക്കില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് ലോക്‌സഭയെ അറിയിച്ചു.