നിപ ബാധിച്ച് മരിച്ച അശോകന്‍റെ മൃതദേഹം സംസ്കരിച്ചില്ല വൈദ്യുത ശ്മശാനത്തിൽ ഫാൻ തകരാറാണെന്ന് അധികൃതർ 

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച അശോകന്‍റെ സംസ്കാരം വൈകുന്നു. മാവൂര്‍ വൈദ്യുത ശ്മശാനത്തിൽ മൃതദേഹവുമായി ബന്ധുക്കള്‍ ആദ്യം എത്തിയത്. എന്നാല്‍ ഫാൻ തകരാറിലാണെന്ന് അധികൃതർ വിശദമാക്കി. തുടര്‍ന്ന് മൃതദേഹവുമായി അടുത്തുള്ള രണ്ട ശ്മശാനങ്ങളില്‍ എത്തിയെങ്കിലും ജീവനക്കാര്‍ നിസഹരിച്ചെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.

മൃതദേഹം ദഹിപ്പിക്കുമ്പോഴുണ്ടാകുന്ന പുക ശ്വസിച്ചാല്‍ രോഗം ഉണ്ടാകുമോയെന്ന ഭീതി നിമിത്തമാണ് ജീവനക്കാര്‍ വിസമ്മതിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം ഇപ്പോഴും സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

തഹസില്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെട്ടു. ഐവര്‍ മഠം ശ്മശാനത്തിലെ ജീവനക്കാരുമായി സഹകരിച്ച് മൃതദേഹം സംസ്കരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.