കഴിഞ്ഞ ദിവസം പുറത്തുവന്ന പതിനെട്ട് സാമ്പിളുകളുടെയും ഫലം നെഗറ്റിവ് 

കോഴിക്കോട്: നിപ ഭീഷണി ഒഴിയുന്നു എന്ന ആരോഗ്യവകുപ്പിന്‍റെ വാദം ശരിവെക്കുന്നതാണ് പുറത്തുവരുന്ന കണക്കുകൾ. കഴിഞ്ഞ ദിവസം പുറത്ത് വന്ന പതിനെട്ട് സാമ്പിളുകളുടെയും ഫലം നെഗറ്റിവ് ആണ്. അതേ സമയം ജാഗ്രത തുടരാനാണ് ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശം. 

നിപ പൊസിറ്റിവ് ആയി മെഡിക്കൽ കോളേജിൽ ചികിൽസയിലാവുകയും പിന്നീട് നെഗറ്റിവ് ആവുകയും ചെയ്ത രണ്ട് പേരെ കേന്ദ്ര സംഘത്തിന്‍റെ കൂടി അനുമതിയോടെയെ വിട്ടയക്കും. നിപ ബാധിച്ചവരുമായി ബന്ധമുള്ളവരുടെ സമ്പർക്ക പട്ടികയിൽ 2377 പേരായി. രോഗ സാധ്യതയുള്ളവരെ കണ്ടെത്താൻ കഴിയും എന്നതിനാൽ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം കൂടുന്നത് നല്ല കാര്യമാണെന്ന് അധികൃതർ പറയുന്നു.

രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ സപ്ലൈക്കോയുടെ സൗജന്യ റേഷൻ കിറ്റ് ഇന്ന് വൈകിട്ടോടെ വിതരണം ചെയ്യും. പത്ത് കിലോ അരി പഞ്ചസാര തുടങ്ങിയ അവശ്യ സാധനങ്ങൾ അടങ്ങുന്ന കിറ്റ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ വഴിയാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ആസ്ട്രേലിയയിൽ നിന്ന് എത്തിയ ഹ്യൂമൻ മോണോക്ലോണൽ ആന്‍റിബോഡി എന്ന മരുന്ന് എങ്ങനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ വിഭാഗം ഡോക്ടർമാർക്ക് കേന്ദ്ര സംഘം പരിശീലനം നൽകി. 

അതിനിടെ നേരത്തെ മരിച്ച വളച്ച് കെട്ടി വീട്ടിൽ മൂസയുടെ വീട്ടിൽ വളർത്തിയിരുന്ന മുയൽ കഴിഞ്ഞ ദിവസം ചത്തിരുന്നു. മുയലിന്‍റെ രക്ത സാമ്പിൾ കേന്ദ്ര സംഘം വീണ്ടും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.