ഉപയോഗം കഴിഞ്ഞ മാസ്ക് വേയ്സ്റ്റ് ബാസ്ക്കറ്റിലിടാതെ പലരും വലിച്ചെറിഞ്ഞതിനാൽ മെഡിക്കല്‍ കോളേജ് ക്യാംപസില്‍ ഉപേക്ഷിക്കപ്പെട്ട മാസ്കുകളാല്‍ മലിനപ്പെട്ട അവസ്ഥയിലാണ്.
കോഴിക്കോട്: രോഗികളുടെ തിരക്കില് നട്ടംതിരിഞ്ഞിരുന്ന കോഴിക്കോട് മെഡിക്കല് കോളേജ് ഇന്ന് ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ശൂന്യം. നിപ്പ വൈറസ് ബാധിച്ചവരെ പ്രവേശിപ്പിച്ചതും രോഗികളെ പരിചയിച്ച നേഴ്സിന്റെ മരണവും ജനങ്ങളില് ഉണ്ടാക്കിയ ആശങ്കയുടെ നേർചിത്രമാണ് ഇന്ന് കോഴിക്കോട് മെഡിക്കല് കോളേജ്.
രോഗികളും കൂട്ടിരിപ്പുകാരും മൂലം നിന്നു തിരിയാൻ ഇടമില്ലാത്ത വിധം ആൾ തിരക്ക് കൊണ്ട് രോഗികളും അവരെ സഹായിക്കാനെത്തുന്നവരും നിറഞ്ഞ് കാണാറുള്ള കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒപി ബ്ലോക്കിൽ ഇന്ന് ആരുമില്ലാത്ത അവസ്ഥയാണ്. അത്യാഹിത വിഭാഗത്തിലാകട്ടെ അത്യാസന്ന നിലയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾ മാത്രമാണുള്ളത്.
സാധാരണയായി വൈകുന്നേരങ്ങളിൽ രോഗികളെയുമായെത്തുന്നവരെയും സന്ദർശകരെയും നിയന്ത്രിക്കാൻ പാടുപെടുന്ന സുരക്ഷാ ജീവനക്കാർ ആശുപത്രി കവാടത്തിൽ ഇരിപിടമിട്ട് ഇരിക്കുന്ന അവസ്ഥ .അത്യാഹിത വിഭാഗത്തിലാകട്ടെ രോഗികളെ പരിശോധിക്കുന്ന ഡോക്റ്റർമാർ പ്ലാസ്റ്റിക് നിർമ്മിതമായ ഗൗൺ ധരിച്ചാണ് പരിശോധന നടത്തുന്നത്. വാർഡുകളിൽ മിക്കതിലും രോഗികൾ ഡിസ്ചാർജ് ചെയ്ത് പോയ സ്ഥിതിവിശേഷമാണ്.
മെഡിക്കൽ കോളേജിൽ എത്തുന്നവരും രോഗികളും കൂട്ടിരിപ്പുകാരും സദാസമയവും മാസ്ക് ധരിച്ചാണ് ജോലിചെയ്യുന്നതെന്നതിനാൽ മെഡിക്കൽ കോളേജ് പരിസരത്തെ എല്ലാ മെഡിക്കൽ ഷോപ്പുകളിലും മാസ്ക് വിൽപ്പന തകൃതിയാണ്. അഞ്ച് രൂപയാണ് ഒരു മാസ്കിന് വില ഈടാക്കുന്നത്. പരമാവധി രണ്ട് മണിക്കൂറാണ് ഒരു മാസ്ക് ഉപയോഗിക്കുന്നത്. ഉപയോഗം കഴിഞ്ഞ മാസ്ക് വേയ്സ്റ്റ് ബാസ്ക്കറ്റിലിടാതെ പലരും വലിച്ചെറിഞ്ഞതിനാൽ മെഡിക്കല് കോളേജ് ക്യാംപസില് ഉപേക്ഷിക്കപ്പെട്ട മാസ്കുകളാല് മലിനപ്പെട്ട അവസ്ഥയിലാണ്.
