വൈറസ് വാഹകരല്ലെന്ന് ഇന്നലെ സ്ഥിരീകരിച്ചത് ഷഡ്പദഭോജികളായ വവ്വാലുകളെ ശ്രമകരമായ ദൗത്യമെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട്: ഷഡ്പദഭോജികളായ വവ്വാലുകളിൽ നിന്നല്ല പേരാമ്പ്രയിൽ നിപ വൈറസ് വന്നതെന്ന് സ്ഥിരീകരിച്ചതോടെ പഴം കഴിക്കുന്ന വവ്വാലുകളുടെ സ്രവ പരിശോധന ഇന്നാരംഭിക്കും. മൂന്ന് പേർ മരിച്ച ചങ്ങരോത്തെ വളച്ചുകെട്ടി മൂസയുടെ വീടിനോട് ചേർന്നുള്ള സ്ഥലങ്ങളിൽ നിന്ന് മൃഗസംരക്ഷണ വകുപ്പ് വവ്വാലുകളെ പിടികൂടി സാമ്പിൾ ശേഖരിക്കും. ജനങ്ങളുടെ ആശങ്ക അകറ്റാൻ ആരോഗ്യ പ്രവർത്തകരും തദ്ദേശ ഭരണകൂടവും ഇടപ്പെട്ട് പേരാമ്പ്രയിലും പരിസരങ്ങളിലും ബോധവത്കരണ പരിപാടികളും നടത്തും. മന്ത്രി ടിപി രാമകൃഷ്ണനും പരിപാടിയിൽ പങ്കാളിയാകും. സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. എന്നാൽ ജാഗ്രത തുടരാനാണ് നിർദേശം. കിണറ്റിൽ നിന്ന് പിടികൂടിയ വവ്വാലുകളിൽ നിന്നല്ല രോഗം വന്നതെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇതര സാധ്യതകളും പരിശോധിക്കും. ചങ്ങരോത്ത് ആദ്യം മരിച്ചവർ വിദേശ സന്ദർശനം നടത്തിയോ എന്നടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
മരിച്ച ചങ്ങരോത്ത് സ്വദേശികളുടെ വീട്ടിലെ കിണറ്റിൽ നിന്ന് ശേഖരിച്ച വവ്വാലിന്‍റെ സാമ്പിളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാനായില്ലെങ്കിലും വൈറസ് ബാധ ഉണ്ടായത് വവ്വാലിൽ നിന്ന് തന്നെ ആകാം എന്ന നിഗമനത്തിലാണ് ആരോഗ്യവിഗദ്ധർ. വവ്വാലിന്‍റെ വിവിധ സാമ്പിളുകൾ പരിശോധിക്കുക എന്നതാണ് ഇനി മുന്നിലുള്ള മാർഗം. ഏറെ ശ്രമകരമായ ജോലിയാണിതെന്ന് മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വവ്വാലുകളുടെ ആവാസ വ്യവസ്ഥയെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിലാണ് സാമ്പിൾ ശേഖരിക്കുന്നത്. ഇവയുടെ രക്തം, മൂത്രം കാഷ്ടം എന്നിവയാണ് പ്രധാനമായും പരിശോധനയ്ക്ക് അയക്കുക.
ഷഡ്പദങ്ങളെ തിന്നുന്ന വവ്വാലുകളിൽ സാധാരണ നിപ വൈറസ് കാണാറില്ലെങ്കിലും വീട്ടിലെ കിണറിൽ വവ്വാലുകളുടെ സാന്നിധ്യം കണ്ടതോടെയാണ് സാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചത്. ഫലം നെഗറ്റീവ് ആയതോടെ സമീപ പ്രദേശത്ത് നിന്നും പഴം തിന്നുന്ന വവ്വാലുകളുടെ സാമ്പിൾ കൂടി മൃഗ സംരക്ഷണ വകുപ്പ് ഭോപ്പാലിലേക്ക് അയക്കും. വീടിന് പുറകിലെ ഖബർ സ്ഥാനിൽ നിന്ന് കണ്ടെത്തിയ പഴം കഴിക്കുന്ന വവ്വാലുകളുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. മഴ സാംപിള്‍ ശേഖരണത്തിന് തടസമാകുന്നുണ്ടെങ്കിലും തിങ്കളാഴ്ച പരിശോധനക്ക് നല്‍കും.
