സ്കൂളിന് സമീപം വവ്വാലുകള്‍ കൂട്ടത്തോടെ ചത്തു, നിപ പേടിയില്‍ ഹിമാചലും

ഷിംല: ഹിമാചല്‍പ്രദേശും നിപ വൈറസ് ഭീതിയില്‍. ഹിമാചലിലെ സിര്‍മോര്‍ ജില്ലയിലെ ബര്‍മ പാപ്ഡിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതാണ് ഭീതിക്ക് കാരണം. ബര്‍മയിലെ ഗവണ്‍മെ‍ന്‍റ് സീനിയര്‍ സെക്കന്‍ററി സ്കൂളിന് സമീപമാണ് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. വൈറസ് ബധ പരിശോധിക്കാന്‍ വവ്വാലുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്. വാര്‍ത്ത പുറത്തുവന്നതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്.

പൂനെയിലെയും ജലന്തറിലെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറല്‍ ഡിസീസിലേക്കാണ് സാംപിളുകള്‍ അയച്ചിരിക്കുന്നത്. വവ്വാലുകള്‍ സ്കൂള്‍ കോമ്പൗണ്ടില്‍ കൂട്ടത്തോടെ ചത്തുവീണത് ശ്രദ്ധയില്‍പ്പെട്ട സ്കൂള്‍ അധികൃതര്‍ ജില്ലാ ഭരണകൂടത്തിന് വിവരം കൈമാറുകയായിരുന്നു തുടര്‍ന്നാണ് വെറ്ററിനറി വിഭാഗം സ്ഥലത്തെത്തി സാംപിളുകള്‍ ശേഖരിച്ചത്.

എല്ലാവര്‍ഷവും വവ്വാലുകള്‍ ഇത്തരത്തില്‍ ചത്തുവീഴാറുണ്ടെന്നും, എന്നാല്‍ ഇത്തവണ കൂടുതല്‍ എണ്ണം ചത്തതാണ് സംശയത്തിന് ആധാരമെന്നും ആരോഗ്യവിഭാഗം അറിയിച്ചു. പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന നിര്‍ദേശം നല്‍കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

കോഴിക്കോട് പേരാമ്പ്രയില്‍ പടര്‍ന്ന് പിടിച്ച നിപ വൈറസ് ബാധയേറ്റ് 11 പേരാണ് മരിച്ചത്. 14 പേര്‍ക്ക് നിപ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പനിബാധിച്ച് നിരവധിപേര്‍ വിവിധ ആശുപത്രികള്‍ ചികിത്സയിലാണ് എന്നാല്‍ ഇവരിലൊന്നു നിപ ബാധ സ്ഥിരീകരിച്ചിട്ടില്ല.