വവ്വാലുകളുടെ സാമ്പിളുകള്‍ നാളെ പരിശോധനയ്ക്ക് അയക്കും

കോഴിക്കോട്: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിപ ആശങ്ക കുറയുന്നു. അതേസമയം രോഗികളുമായി ബന്ധമുള്ള 958 പേര്‍ നിരീക്ഷണത്തിലാണ്. നിപ്പ ബാധയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കാനായി പ്രത്യേക ഹൈല്‍പ്പ് ലൈന്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.

നിപ ലക്ഷണങ്ങളോടെ നാല് പേര്‍ കഴിഞ്ഞ ദിവസം ചികിത്സ തേടിയിരുന്നു. എന്നാല്‍ രണ്ട് ദിവസങ്ങളില്‍ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം പുറത്തു വന്ന 48 പരിശോധനാ ഫലങ്ങളും നെഗറ്റീവ്. ഇതുവരെയുള്ള 149 പരിശോധനാ ഫലങ്ങളില്‍ 133 ഉം നെഗറ്റീവാണ്. നിപയുടെ ആശങ്ക പതിയെ അകലുന്ന ലക്ഷണങ്ങളാണ് കാണുന്നത്.

നിപ സ്ഥീരികരിച്ച് ചികിത്സയില്‍ ഉള്ള മൂന്ന് പേരില്‍ രണ്ട് പേരുടെ നിലയില്‍ കാര്യമായ പുരോഗതിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനിടെ നിപ ബാധയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കാനായി ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 0495 2381000 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഉത്തരം ലഭിക്കും.

നിപ രോഗബാധയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഉത്കണ്ഠ, ഭീതി, മാനസിക പ്രശ്നങ്ങള്‍ എന്നിവയ്ക്ക് സഹായം നല്‍കാനായി മെന്‍റല്‍ ഹൈല്‍പ് ലൈനും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 8281904533 എന്ന നമ്പറില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഈ നമ്പറിലേക്ക് വിളിക്കാം.

വൈറസിന്‍റെ ഉറവിടം കണ്ടെത്താനായി ഫലങ്ങല്‍ തിന്നുന്ന വവ്വാലുകളില്‍ നിന്നുളള സാമ്പിളുകള്‍ നാളെ പരിശോധനയ്ക്ക് അയക്കും. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമല്‍ ഡിസീസിസിലാണ് പരിശോധന.