നിപ ഭീതി ഒഴിയുന്നില്ല ബന്ധുക്കള്‍ ഒറ്റപ്പെട്ട നിലയില്‍ സാമൂഹ്യ ബഹിഷ്കരണമെന്ന് പരാതി ഉന്നത ഉദ്യോഗസ്ഥര്‍ അകലം പാലിക്കുന്നു

കോഴിക്കോട്: ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് ആവര്‍ത്തിക്കുമ്പോഴും, നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ കടുത്ത ഒറ്റപ്പെടലിലാണ്. ഉന്നത ഉദ്യോഗസ്ഥര്‍ മരിച്ചവരുടെ വീടുകളിലെത്താത്തതും ജനങ്ങളുടെ ആശങ്കയേറ്റുന്നു.

നിപ വൈറസ് ബാധിച്ച് ചൊവ്വാഴ്ച മരിച്ച കൂരാച്ചുണ്ട് സ്വദേശി രാജന്‍റെ കുടുംബം തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രാജന്‍റെ വിയോഗം സൃഷ്ടിച്ച വേദനയില്‍ കഴിയുന്ന ഭാര്യ സിന്ധുവിനെയും രണ്ട് പെണ്‍മക്കളെയും ആശ്വസിപ്പിക്കാന്‍ ആരുമെത്തിയിട്ടില്ല. കരുതല്‍ നടപടിയുടെ ഭാഗമായി രോഗം ബാധിച്ചവരുടെ ബന്ധുക്കളെയും പരിശോധനയ്ക്ക് വിധേയരാക്കാറുണ്ടെങ്കിലും ഈ കുടുംബത്തിന്‍റെ കാര്യത്തില്‍ ഇതുണ്ടായില്ല.

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നെത്തിയ സംഘമാകട്ടെ വീട്ടില്‍ കയറിയതേയില്ല. ഇവര്‍ മാറിനിന്ന് വിവരങ്ങള്‍ ചോദിച്ച് മടങ്ങി. രാജനെ ശുശ്രൂഷിച്ച രണ്ട് ബന്ധുക്കള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും വിലക്കുണ്ട്. ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ ഉദ്യോഗസ്ഥരാരും മരിച്ചവരുടെ വീടുകളിലോ രോഗം ആദ്യം കണ്ടെത്തിയ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലോ എത്തിയിട്ടില്ല. ആശങ്ക വേണ്ടെന്ന് പറയുന്ന ഉന്നതര്‍ രോഗബാധിത മേഖലകളിലെത്താതെ എങ്ങനെ ആശങ്കയകലുമെന്നാണ് താഴെ തട്ടിലുയരുന്ന ചോദ്യം.