വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
വയനാട്: വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ജൂണ് അഞ്ച് വരെ അവധി. കോഴിക്കോട് നിപ വൈറസ് മരണങ്ങള് തുടരുന്ന പശ്ചാത്തലത്തിലാണ് കളക്ടര് അവധി പ്രഖ്യാപിച്ചത്.
നിപ വൈറസ് ബാധ രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാല് അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് പുറപ്പെടുവിച്ച വാര്ത്താക്കുറിപ്പില് പറയുന്നു. ഇത്തരത്തില് നിപ ബാധിതരുമായി അടുത്തിടപഴകിയവര് നിശ്ചിത കാലാവധി കഴിയുന്നതുവരെ കഴിവതും കൂട്ടായ്മകള് ഒഴിവാക്കണം. ഗസ്റ്റ് ഹൗസില് പ്രവര്ത്തിക്കുന്ന കണ്ട്രോള് റൂമില് നിപ രോഗിയുമായി ഇടപഴകിയ വിവരം അറിയിക്കണം എന്നും ആരോഗ്യ വകുപ്പ് പറഞ്ഞു.
നിപ സ്ഥിരീകരിച്ച് സംസ്ഥാനത്ത് ഇതുവരെയായി 17 പേരാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ട് പേർ ഇപ്പോഴും ചികിത്സയിലാണ്. ആകെ 12 പേർ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. രോഗികളുമായി അടുത്തിടപഴകിയിട്ടുള്ള 1450 ൽ അധികം പേരുടെ പട്ടികയാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്. ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
