നിപയുടെ പശ്ചാത്തലത്തില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പഴങ്ങൾ മുറിച്ച് വിൽക്കരുതെന്നും നിർദ്ദേശം കിണറുകളും വാട്ടര്‍ ടാങ്കുകളും മൂടിവയ്ക്കണം

കോഴിക്കോട്: നിപയുടെ വ്യാപനം തടയാൻ നടപടിയുമായി കോഴിക്കോട് കോർപ്പറേഷൻ. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ എല്ലാ ഭക്ഷണ ശാലകള്‍ക്കും കൂള്‍ബാറുകൾക്കുമാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് കോർപ്പറേഷന്‍റെ നടപടി. 

തിളപ്പിച്ച വെള്ളം മാത്രമേ നല്‍കാവൂ എന്നാണ് ഹോട്ടലുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഭക്ഷണം വിതരണം ചെയ്യുന്ന പ്ലേറ്റുകള്‍, ഗ്ലാസുകള്‍ എന്നിവ തിളപ്പിച്ച വെള്ളത്തില്‍ കഴുകി ഉപയോഗിക്കണം. വഴിയോര കച്ചവടക്കാര്‍ പഴ വര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ മുറിച്ച് വച്ച് വില്‍ക്കരുത്. ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവിടങ്ങളിലേക്ക് വെള്ളം എടുക്കുന്ന കിണര്‍, വാട്ടര്‍ ടാങ്ക് എന്നിവ മൂടി വയ്ക്കണം.

തൊഴിലാളികള്‍ക്ക് പനി, തലവേദന, തളര്‍ച്ച, കാഴ്ച മങ്ങല്‍ തുടങ്ങി എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ തൊഴിലുടമ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാതെ ഡോക്ടറെ കാണാന്‍ നിര്‍ദേശിക്കണം. രോഗം മാറാതെ സ്ഥാപനങ്ങളില്‍ ഈ തൊഴിലാളികളെ ജോലിക്ക് വയ്ക്കരുതെന്നും നിര്‍ദേശമുണ്ട്