നിപ ഉറവിടം തേടി വിദഗ്ധ സംഘം മനുഷ്യരിൽ നിന്നാണോ വന്നതെന്ന് പരിശോധിക്കും സാമ്പിത്തിന്‍റെ യാത്ര പശ്ചാതലം പരിശോധിക്കും സൈബർ സെല്ലിന്‍റെ സഹായം തേടി
കോഴിക്കോട്: നിപ വന്നത് മനുഷ്യരിൽ നിന്നാണോ എന്ന് പരിശോധിക്കാനുറച്ച് കേന്ദ്ര സംഘം. ആദ്യം രോഗം വന്ന് മരിച്ച ചങ്ങരോത്തെ സാബിത്തിന്റെ യാത്രാപശ്ചാത്തലം പരിശോധിക്കാൻ സൈബർ സൈല്ലിന്റെ സഹായം തേടി. അതിനിടെ അഞ്ച് പേർ കൂടി രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടി. നിപ റിപ്പോർട്ട് ചെയ്ത പ്രദേശത്ത് നിന്ന് ശേഖരിച്ചവവ്വാലുകളുടെയും മൃഗങ്ങളുടെ സാംപിൾ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെയാണ് ആദ്യം രോഗം സ്ഥിരീകരിച്ചവർക്ക് മനുഷ്യരിൽ നിന്നാണോ വൈറസ് ബാധയുണ്ടായതെന്ന് വിദഗ്ധ സംഘം പരിശോധിക്കുന്നത്.
ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയിൽ നിന്നുള്ള സംഘം പേരാമ്പ്രയിൽ എത്തി പരിശോധന നടത്തി. എന്സിഡിസി വിദഗ്ധ സംഘം നിപബാധിച്ചവരെ ചികിത്സിച്ച സ്വകാര്യ ആശുപത്രികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. അതേസമയം നിപ രോഗലക്ഷണങ്ങളുമായി അഞ്ച് പേർ കൂടി കഴിഞ്ഞ ദിവസം ചികിത്സ തേടിയിട്ടുണ്ട്. ആകെ ഒന്പത് പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രോഗികളുമായി സമ്പർക്കത്തിലുണ്ടായിരുന്നവരുടെ പട്ടികയിൽ 2626 പേരുണ്ട്. ആലപ്പുഴ ജില്ലയിൽ പനി ബാധിച്ച് ചികിത്സ തേടിയ ആൾക്ക് നിപ ഇല്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. നിപ ഭീതി ഒഴിഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ സ്കൂളുകൾ 12 ന് തുറക്കാന് തീരുമാനമായിട്ടുണ്ട്.
