നിപ വൈറസ് ബാധയില്‍ ആശങ്ക വേണ്ട ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസംഘം
കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടർന്ന് കോഴിക്കോടും മലപ്പുറത്തുമായി മരിച്ചവരുടെ എണ്ണം പത്തായി. കൂടുതൽ പേർ നിരീക്ഷണത്തിലാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘം കോഴിക്കോട്ടെത്തി. വൈറസ് ബാധയുണ്ടായ സ്ഥലങ്ങളിൽ സംഘത്തിന്റെ പരിശോധന തുടരുകയാണ്.
വൈറസിന്റെ ഉറവിടം തിരിച്ചറിയാൻ കൂടുതൽ പരിശോധന അനിവാര്യമെന്ന് സംഘത്തലവൻ ഡോ. സുജിത് സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. സ്ഥലത്തെ പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തുന്ന കേന്ദ്ര സംഘം ചെങ്ങരോത്ത് രോഗബാധയുണ്ടായ ഇടങ്ങളിൽ നിന്ന് സാംപിളുകളും ശേഖരിക്കും. അതേസമയം എല്ലാ മരണങ്ങളും നിപ്പ വൈറസ് മൂലമല്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
സുജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വൈറസ് ബാധയെ തുടര്ന്ന് രണ്ട് പേര് മരിച്ച വീടിന് പരിസരത്ത് പരിശോധന നടത്തി. ഈ പ്രദേശത്തെ കിണര് മൂടാന് തീരുമാനമായി. മരിച്ചവരുടെ ബന്ധുക്കള്, ആശുപത്രിയില് ഒപ്പം നിന്നവര്, സമീപത്ത് ഉണ്ടായിരുന്നവര് എന്നിവരെ നിരീക്ഷിച്ച് വരികയാണ്. ജാഗ്രതാ നിര്ദ്ദേശം നല്കിയിരിക്കുകയാണ്. വൈറസ് ബാധയുണ്ടായിരിക്കുന്നത് വവ്വാലില്നിന്ന് തന്നെയാണോ എന്ന കാര്യത്തില് ഉറപ്പായിട്ടില്ലെന്നും പഠനങ്ങള് നടത്തേണ്ടതുണ്ടെന്നും സംഘം വ്യക്തമാക്കി.
