നിപ്പ തൃശൂരില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ജില്ലാ ഭരണകൂടം.

തൃശൂര്‍: നിപ വൈറസ് രോഗലക്ഷണങ്ങളോടെ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത് മലപ്പുറം സ്വദേശിനിയെ. മലപ്പുറത്ത് ആശുപത്രി സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ തൃശൂരിലേക്ക് മാറ്റിയതാണെന്നും തൃശൂരിലെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ജില്ലാ ഭരണകൂടം. കോഴിക്കോടും മലപ്പുറത്തും നിപ വൈറസ് ഭീതി സൃഷ്ടിച്ച സാഹചര്യത്തില്‍ ജില്ലയിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഹെല്‍പ്പ്ലൈന്‍, ടാസ്‌ക്ഫോഴ്സ് എന്നിങ്ങനെയുള്ള ക്രമീകരണവും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡ് അടക്കം പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പെടുത്തിക്കഴിഞ്ഞതായി ജില്ലാ കളക്ടര്‍ ഡോ.എ കൗശികന്‍ പറഞ്ഞു.

മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് മലപ്പുറത്തുനിന്ന് എത്തിച്ച രോഗിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. ചികിത്സയിലുള്ള രോഗിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്ത് വിട്ടിട്ടില്ല. തികഞ്ഞ ജാഗ്രതയോടെയാണ് ചികിത്സാ നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. നിപ്പയുടെ പശ്ചാത്തലത്തില്‍ ഡിഎംഒ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനും മാറ്റിവച്ചിരുന്നു. മെഡിക്കല്‍ കോളജിലെയും ജില്ലയിലെ പൊതുവെയും വിവരങ്ങളാരായാന്‍ ഡിഎംഒയെ ഇനിയും മാധ്യമങ്ങള്‍ക്ക് ഫോണില്‍ ലഭിച്ചിട്ടില്ല. ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള സ്‌ക്വാഡുകളിലാണ് ആരോഗ്യവകുപ്പ് അധികൃതരെന്നാണ് വിശദീകരണം. ഇന്‍ഫര്‍മേഷന്‍ ഓഫീസ് വഴി വിവരം നല്‍കാമെന്ന് കളക്ടര്‍ വ്യക്തമാക്കി.