കൊച്ചിയിൽ നിപ സംശയത്തെ തുടർന്ന് രണ്ട് കോളേജ് വിദ്യാർത്ഥിനികൾ അടക്കം മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൊച്ചി: കൊച്ചിയിൽ നിപ സംശയത്തെ തുടർന്ന് രണ്ട് കോളേജ് വിദ്യാർത്ഥിനികൾ അടക്കം മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാമ്പ്ര സ്വദേശിനികളായ വിദ്യാർത്ഥിനികളെയാണ് പനിയെ തുടർ‍ന്ന് എറണാകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ പാരാമെഡിക്കൽ വിദ്യാർത്ഥിയാണ് നിരീക്ഷണത്തിലുള്ള മറ്റൊരാൾ. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അശുപത്രിയിലുള്ളവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. നേരത്തെ ചികിത്സയിൽ കഴിഞ്ഞിരുന്ന മറ്റ് മൂന്ന് പേർക്കും നിപ രോഗമില്ലെന്ന് സ്ഥിരീകരിച്ചു.

അതേസമയം, കോഴിക്കോട് നിപ വൈറസ് ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് ആറ് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ നിലവില്‍ 15 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. 

നിപ മൂലം ഇന്ന് ഒരാള്‍ കൂടി മരിച്ചു. എബിനാണ് മരിച്ചത്. വൈറസ് ബാധ ആദ്യഘട്ടത്തില്‍ ഉണ്ടായവരില്‍ ഒരാളാണ് എബിന്‍. എബിന്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. രണ്ട് പേര്‍ കൂടി നിപ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

നിപ വൈറസ് ബാധ സംശയിക്കുന്ന 175 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ബന്ധുകളും അവരെ ചികിത്സച്ചവരുമടക്കമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണങ്ങളുമായി നിരവധിയാളുകള്‍ ആശുപത്രിയിലും നിരീക്ഷണത്തിലുമായുണ്ടെങ്കിലും പരിശോധനാഫലം വരുന്പോള്‍ ഇതില്‍ ഭൂരിപക്ഷവും നെഗറ്റീവ് റിസല്‍ട്ടാണ് കാണിക്കുന്നത്.