പ്രതിദിനം 30 ലക്ഷത്തിലധികം  രൂപയുടെ വരുമാന നഷ്ടമാണ് കോഴിക്കോട് സോണിൽ ഉണ്ടായിരിക്കുന്നത്.

കോഴിക്കോട്: നിപാ വൈറസ് ഭീതി കെഎസ്ആർടിസിയുടെ വരുമാനത്തെയും സാരമായി ബാധിച്ചു. പ്രതിദിനം 30 ലക്ഷത്തിലധികം രൂപയുടെ വരുമാന നഷ്ടമാണ് കോഴിക്കോട് സോണിൽ ഉണ്ടായിരിക്കുന്നത്. വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച റൂട്ടിലാണ് കൂടുതൽ വരുമാന നഷ്ടം

യാത്രക്കാർ നന്നെ കുറവ്. വരുന്നതാകട്ടെ മാസ്ക് ധരിച്ച്.... നിപാ വന്നതോട്ടെ യാത്രക്കാർ കുറഞ്ഞെന്ന് ജീവനക്കാരും സാക്ഷ്യപെടുത്തുന്നു. പ്രതിദിനം 6 മുതൽ ആറര ലക്ഷം വരെ വരുമാനം ലഭിച്ചിരുന്ന തൊട്ടിൽപ്പാലം ഡിപ്പോയിൽ വരുമാനത്തിൽ ഒന്നര ലക്ഷം വരെ കുറവാണ് രേഖപെടുത്തിയിട്ടുള്ളത്.40 സർവ്വീസുകളാണ് ഇവിടെ ഉള്ളത്. ആളില്ലാത്താതിനാൽ ചില സർവ്വീസുകൾ നിർത്തിവെക്കേണ്ടി വന്നു.ബത്തേരി , കൽപ്പറ്റ, മാനന്തവാടി ഡിപ്പോകളെയും നിപ്പാ ഭീതി ബാധിച്ചിട്ടുണ്ടെന്ന് ജീവനക്കാർ പറയുന്നു.

സാധാരണായായി വരുമാനത്തിൽ ഒന്നാം സ്ഥാനത്ത് നിക്കുന്ന കോഴിക്കോട് സോൺ കഴിഞ്ഞ ദിവസം രണ്ടാം സ്ഥാനത്ത് എത്തി. 1,47,50,000 ആയിരുന്നു സോണിന്‍റെ ടാർജറ്റ്. കിട്ടിയത് ഒരു കോടി ഏഴ് ലക്ഷം മാത്രം. ആശങ്കകൾ പരിഹരിക്കാൻ എല്ലാ നടപടിയും എടുത്തിട്ടുണ്ടെന്ന് KSRTC അധികൃതർ ആവർത്തിക്കുമ്പോഴും യാത്രക്കാർ ഭീതിയിലാണ്. നിപ ബാധിച്ചു പണി കിട്ടിയത് കെ.എസ്.ആർ.ടി.സിക്ക് മാത്രമല്ല സ്വകാര്യ ബസ്സുകളുടെ വരുമാനത്തിലും വലിയ കുറവുണ്ടായിട്ടുണ്ടെന്നാണ് ബസുടമകളും പറയുന്നത്.