ജൂൺ അഞ്ചിനകം പുതിയ കേസൊന്നും വന്നില്ലെങ്കിൽ വൈറസ് ബാധ അവസാനിച്ചതായി കണക്കാക്കാം

കോഴിക്കോട്: നിപ വൈറസ് സംശയിച്ച് പരിശോധനയ്ക്കയച്ച നിരവധിയാളുകളുടെ രക്തപരിശോധനഫലം നെഗറ്റീവ് ആയതോടെ വൈറസ് ബാധയെ പിടിച്ചു കെട്ടാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. വൈറസിന്‍റെ ഇന്‍ക്യൂബേഷന്‍ പിരീഡ് അടിസ്ഥാനമാക്കി ജൂണ്‍ അ‍ഞ്ച് വരെ പുതുതായി ആരിലും നിപ വൈറസ് സ്ഥീരികരിച്ചില്ലെങ്കില്‍ രോഗം അവസാനിച്ചതായി കണക്കാക്കും എന്ന് ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന അറിയിപ്പില്‍ പറയുന്നു. 

നിലവില്‍ സംസ്ഥാനത്തെ 15 പേര്‍ക്കാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 12 പേര്‍ ഇതിനോടകം മരണപ്പെട്ടു കഴിഞ്ഞു.
നിപ വൈറസ് ആദ്യം ബാധിച്ചെന്ന് കരുതുന്ന സാബിത്തിന്‍റെ രക്തം പരിശോധിച്ചിരുന്നില്ല എന്നാല്‍ ഇയാളും നിപ ബാധിച്ചു 
മരിച്ചതായാണ് കണക്കാകുന്നത്. അങ്ങനെയാണെങ്കില്‍ 13 മലയാളികള്‍ ഇതുവരെ നിപ ബാധിച്ചു മരിച്ചിട്ടുണ്ട്. ആദ്യം അസുഖം വന്നു മരിച്ച സാബിത്ത്, സാലിഹ് എന്നിവരില്‍ നിന്നാണ് പിന്നീടുള്ള ഭൂരിപക്ഷം പേരിലേക്കും വൈറസ് പകര്‍ന്നത് എന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക നിഗമനം. 

വൈറസ് ബാധ വന്നയാളില്‍ അത് പടരാനുള്ള നിശ്ചിതസമയപരിധിയുണ്ട്. മൂന്ന് ദിവസം മുതല്‍ 21 ദിവസം വരെ ഇതിനായി വേണ്ടി വരും എന്നാണ് കണക്ക്. കേരളത്തില്‍ ആദ്യത്തെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സമയം വച്ചു നോക്കിയാല്‍ ഇപ്പോള്‍ ആര്‍ക്കെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍ അത് തെളിയാന്‍ ജൂണ്‍ അഞ്ച് വരെ കാത്തിരിക്കണം. അതിനാല്‍ ജൂണ്‍ അഞ്ചിനകം പുതുതായി ആരിലും നിപ വൈറസ് സ്ഥിരീകരിക്കാത്ത പക്ഷം നിപ വൈറസ് അവസാനിച്ചതായി കണക്കാക്കാം എന്ന് ആരോഗ്യവകുപ്പിന്‍റെ അറിയില്‍ പറയുന്നു. 

ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന അറിയിപ്പില്‍ നിന്ന്...

ഇന്ന് ഒരു റിസൾട്ട് കൂടി പോസിറ്റീവ് ആയി. ആ വ്യക്തി മരിക്കുകയും ചെയ്തു. ആകെ 15 പേര് പോസിറ്റീവ് അതിൽ 12 പേര് മരിച്ചു. ടെസ്റ്റ് ചെയ്യാതെ മരിച്ച ആദ്യത്തെ കേസും കൂട്ടിയാൽ തെളിയിക്കപ്പെട്ട മരണം 13

വൈറസിന്റെ ഇൻക്യൂബേഷൻ പീരീഡ് കണക്കിയാൽ രോഗത്തിന്റെ അടുത്ത തിര ഉണ്ടെങ്കിൽ അത് വരുന്ന അഞ്ചു ദിവസത്തിനകം പ്രത്യക്ഷമാകണം. ജൂൺ അഞ്ചിനകം പുതിയ കേസൊന്നും വന്നില്ലെങ്കിൽ ഈ രോഗം അവസാനിച്ചതായി കണക്കാക്കാം. നമ്മെ സംബന്ധിച്ചിടത്തോളം അടുത്ത ഏതാനും ദിവസങ്ങൾ വളരെ പ്രധാനമായിരിക്കും. കഴിയുന്നതൊക്കെ ചെയ്തിട്ട് ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം.