നിപ വൈറസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി.
കോഴിക്കോട്: നിപ വൈറസ് ഭീഷണി നിലനില്ക്കുന്ന സാഹചര്യത്തില് കോഴിക്കോട്, മലപ്പുറം ജില്ലകളില് സ്കൂള് തുറക്കുന്നത് ജൂണ് അഞ്ചിലേക്ക് മാറ്റി. കോഴിക്കോട് കളക് ട്രേറ്റില് ചേര്ന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിപ വൈറസ് മുൻകരുതലിന്റെ ഭാഗമായി അടുത്ത മാസം 10 വരെ നിരീക്ഷണം തുടരാൻ കോഴിക്കോട് ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.
ഓസ്ട്രേലിയയിൽ നിന്നും മരുന്ന് എത്തിച്ചിട്ടില്ലെന്നും ഇതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിപ വൈറസ് രണ്ടാം ഘട്ടത്തിൽ പടരാനുള്ള സാധ്യത കണക്കിലെടുത്താണ് നിരീക്ഷണം തുടരുന്നത്. എല്ലാ വിധ സൗകര്യങ്ങളോടും കുടിയ ഐസോലേഷൻ വാർഡ് സജ്ജമാക്കും. ബംഗ്ലാദേശിൽ കണ്ടെത്തിയ നിപ വൈറസിന് സമാനമായതാണ് പേരാമ്പ്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്ത വർഷവും കരുതി ഇരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് നൽകുന്നുണ്ട്.
പഴം തിന്നുന്ന വവ്വാലുകളുടെ സാമ്പിൾ നാളെ പരിശോധനക്ക് അയക്കും. പതിന്നാല് പേരാണ് വൈറസ് ബാധയെ തുടര്ന്ന് മരിച്ചത്. 17 പേര്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നു. 3 പേരുടെ നില ഗുരുതരമാണ്. നൂറിലധികം പേര് നിരീക്ഷണത്തിലാണ്. ഒരു കേന്ദ്രത്തില് നിന്നാണ് വൈറസ് ബാധയുണ്ടായതെന്നും, മറ്റിടങ്ങളിലേക്ക് വ്യാപിച്ചിട്ടില്ലെന്നുമാണ് ഇപ്പോഴത്തെ നിഗമനം. ആദ്യം നിരീക്ഷണത്തിലുള്ളവരുടെ ഇന്ക്യുബേഷന് പീരീഡ് 31 ഓടെ അവസാനിക്കും. ഇതിന് ശേഷമേ വൈറസ് പടരുന്നുണ്ടോയെന്ന് സ്ഥിരീകരിക്കാനാകൂയെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്.
