റായ്പൂര്‍: നിര്‍ഭയ സംഭവത്തിന് വഴിതെളിച്ചത് പെണ്‍കുട്ടിയുടെ വസ്ത്രധാരണവും ലിപ്സ്റ്റിക്കുമാണെന്ന വിചിത്ര വിശദീകരണവുമായി ഒരു ബയോളജി ടീച്ചര്‍. സമൂഹ മനസാക്ഷിയെ മുഴുവന്‍ ഞെട്ടിച്ച ക്രൂര പീഡനത്തിലേയ്ക്ക് നയിച്ചത് നിര്‍ഭയയെ വളര്‍ത്തിയ രീതിയിലുള്ള ദോഷം മൂലമാണെന്നും ഇതിന് കാരണം നിര്‍ഭയയുടെ അമ്മയാണെന്നുമാണ് റായ്പൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക സ്നേഹലത ശങ്കര്‍ വിലയിരുത്തുന്നത്. ടീച്ചറുടെ സംസാരം വിദ്യാര്‍ഥികള്‍ റെക്കോര്‍ഡ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. 

പീഡനം ഉണ്ടാവുന്നതിന് കാരണക്കാരി ഇരയാവുന്ന സ്ത്രീയാണെന്നാണ് സ്നേഹലതയുടെ കണ്ടെത്തല്‍. ലിപ്സ്റ്റിക്ക് ഇടുകയും ജീന്‍സ് ധരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ നാണമില്ലാതെ പീഡനം ഇരന്ന് വാങ്ങുകയാണന്നും അധ്യാപിക പറഞ്ഞതായാണ് ആരോപണം. ഭര്‍ത്താവല്ലാത്ത പുരുഷനൊപ്പം നിര്‍ഭയ യാത്ര ചെയ്യാന്‍ ഇടയായതിന് പിന്നില്‍ അമ്മയുടെ അശ്രദ്ധയാണെന്നും സ്നേഹലത പറയുന്നു. 

അധ്യാപികയുടെ വാദങ്ങള്‍ പുറത്തറിഞ്ഞതോടെ ഇവര്‍ക്കെതിരായ രക്ഷിതാക്കളുടെ എതിര്‍പ്പ് ശക്തമാണ്.എന്നാല്‍ വൈകിയെത്തിയ കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നുവെന്നാണ് അധ്യാപിക നല്‍കുന്ന വിശദീകരണം. ഒരാളുടെ സുരക്ഷിതത്വം അവരുടെ കൈയില്‍ നിക്ഷിപ്തമാണെന്നും നിര്‍ഭയ അസമയത്ത് പുറത്തിറങ്ങിയില്ലായിരുന്നെങ്കില്‍ സുരക്ഷിതയായിരുന്നേനെയെന്നാണ് ഉദ്ദേശിച്ചതെന്നും സ്നേഹലത വിശദീകരിക്കുന്നു.