വിജിലന്‍സിലെ നിയമോപദേശകരുടെ പ്രാധാന്യം കുറച്ച് ഡയറക്ടറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം:വിജിലന്‍സിലെ നിയമോപദേശകരുടെ പ്രാധാന്യം കുറച്ച് ഡയറക്ടറുടെ സര്‍ക്കുലര്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിയമോപദേശം തള്ളാമെന്നും അങ്ങനെ ചെയ്യുന്നവരെ അഭിനന്ദിക്കുമെന്നും ഡയറക്ടര്‍ എന്‍.സി അസ്താന സര്‍ക്കുലറില്‍ പറയുന്നു. നിയമോപദേശകരുടെ നിര്‍ദേശം വേണ്ട, ഉപദേശം മാത്രം മതിയെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഡയറക്ടറുടെ സര്‍ക്കുലര്‍ വിജിലന്‍സ് മാനുവലിന് വിരുദ്ധമെന്ന് അഭിഭാഷകര്‍ പറഞ്ഞു.പുതിയ ഉത്തരവ് കേസുകള്‍ വ്യാപകമായി എഴുതിതള്ളാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍.

നിയമ പിന്തുണയില്ലാത്ത കുറ്റപത്രങ്ങള്‍ കോടതിയിലെത്തിയാല്‍ തോല്‍ക്കാന്‍ സാധ്യതയെന്നും നിയമവിദഗ്ധര്‍. നിയമോപദേശകരുടെ അഭിപ്രായം പരിഗണിച്ച് കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു മുന്‍ ഡയറക്ടര്‍മാരുടെ ഉത്തരവ്. അന്വേഷണ ഉദ്യോഗ സ്ഥന് അധികാരം നല്‍കുന്ന ജേക്കബ് തോമസിന്റെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തിയിരുന്നു. അതേസമയം നിയമോപദേശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ബെഹ്റ ശുപാര്‍ശ ചെയ്തിരുന്നു.