തിരുവനന്തപുരം: പാറശാലയിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപവുമായി ചിട്ടിക്കമ്പനി ഉടമ മുങ്ങിയതോടെ പെരുവഴിയിലായവരിൽ ഏറെയും പട്ടിണി പാവങ്ങളാണ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മുതൽ കന്യാകുമാരി ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ നൂറ് കണക്കിനാളുകൾക്കാണ് ജീവിതം വഴിമുട്ടിയിരിക്കുന്നത്.
കുന്നത്തുകാൽ സ്വദേശി സരോജിനി അമ്മ. വാര്‍ദ്ധക്യത്തിന്റെ അവശതമറന്ന് അദ്ധ്വാനിക്കുന്നത് പറക്കമുറ്റാത്ത പേരക്കുട്ടികളെ പോറ്റാനാണ്. ഇവര്‍ മാത്രമല്ല, കുശുവണ്ടി ഫാക്ടറിയിൽ പകലന്തിയോളം പണിയെടുക്ക് മിച്ചം പിടിക്കുന്ന തുക നിക്ഷേപിച്ചവര്‍ക്കെല്ലാം ഇപ്പോൾ കണ്ണീരു ബാക്കി. നിക്ഷേപങ്ങൾ മാത്രമല്ല കിടപ്പാടവും പൊന്നുമെല്ലാം പണയം വച്ച് പലിശക്ക് പണമെടുത്തവരും വെട്ടിലായി. ചെറിയ തുക തിരിച്ചടവ് ബാക്കിയുള്ളവര്‍ക്ക് പോലും പ്രമാണമടക്കമുള്ള രേഖകൾ നഷ്ടമായ അവസ്ഥയിലാണ്
പതിനായിരം രൂപ മുതൽ ലക്ഷങ്ങൾ വരെ നിക്ഷേപിച്ചവരുടെ ജീവിതം പ്രതിസന്ധിയിലാക്കിയാണ് ചിട്ടി കമ്പനി പൂട്ടിയത്. ആയിരം കോടി രൂപയുടെ തട്ടിപ്പെങ്കിലും നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം. ബിസ്നസ് ഇടപാടുകളെ കുറിച്ചും ബിനാമി സ്വത്തിടപാടുകളെ കുറിച്ചുമാണ് പ്രധാന അന്വേഷണം നടക്കുന്നത്.
