ജമ്മുകാശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിംഗ് രാജിവച്ചു

ശ്രീനഗര്‍: മുതിർന്ന ബിജെപി നേതാവ് നിര്‍മ്മല്‍ സിംഗ് ജമ്മുകാശ്മീര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. തിങ്കളാഴ്ച മന്ത്രിസഭാ പുനസംഘടനയുണ്ടാകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം രാജിവച്ചത്. നിലവിലെ നിയമസഭ സ്പീക്കര്‍ കവീന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയായേക്കുമെന്ന് സൂചന.

കത്വയിൽ എട്ട് വയസ്സുകാരി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് എടുത്തതിന് പിന്നാലെയാണ് ജമ്മുകാശ്മീർ മന്ത്രിസഭയിൽ തർക്കങ്ങൾ ഉടലെടുത്തത്. മാർച്ചിൽ പങ്കെടുത്ത രണ്ട് ബിജെപിമന്ത്രിമാര്‍ നേരത്തെ തന്നെ രാജിവച്ചിരുന്നു. ജമ്മു-കശ്മീര്‍ വനം വകുപ്പ് മന്ത്രി ലാല്‍ സിങ്, വാണിജ്യകാര്യമന്ത്രി ചന്ദര്‍ പ്രകാശ് ഗംഗ എന്നിവരാണ് രാജിവച്ചത്. ഇതിന് പിന്നാലെ മന്ത്രിസഭയിലെ ഒമ്പത് അംഗങ്ങളോടും രാജിവയ്ക്കാൻ ബിജെപി ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെ കൊണ്ടുവരുന്നതിനാണ് രാജിയെന്നായിരുന്നു വിശദീകരണം.