പുസ്തകത്തിലെ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു; നിഷ ജോസ്

First Published 20, Mar 2018, 12:42 PM IST
nisha jose fb post
Highlights
  • ഒരു സാഹചര്യത്തിലും ഒരാളോട് പൊട്ടിത്തെറിക്കുകയോ കൈയേറ്റം ചെയ്യുകയോ ചെയ്യരുതെന്നാണ് എന്‍റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചത്. ഇപ്പോഴും അതാണ് ഞാന്‍ പിന്തുടരുന്നത്. അത് തന്നെയാണ് അന്നും ഞാന്‍ പാലിച്ചത്

കോട്ടയം: തന്‍റെ പുസ്തകത്തില്‍ എഴുതിയ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ വ്യക്തമാക്കി. ട്രെയിനില്‍ വച്ച് ഞാന്‍ അപമാനിക്കപ്പെട്ടു. അതെവിടെ വച്ചായിരുന്നു, അതാരായിരുന്നു എന്നൊന്നും ഞാന്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ആ സാഹചര്യം പാളിച്ചകളില്ലാതെ കൈകാര്യം ചെയ്യാന്‍ എനിക്ക് സാധിച്ചുവെന്നാണ് വിശ്വാസം. ഇക്കാര്യത്തില്‍ ഒരു കേസിന് പോകേണ്ടതില്ലെന്നായിരുന്നു തന്‍റെ തീരുമാനമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ നിഷ ജോസ് വ്യക്തമാക്കി. 

ഇക്കാര്യങ്ങളൊക്കെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുക എന്നത് പ്രയാസമേറിയ കാര്യമായിരുന്നു. സമൂഹത്തില്‍ ഭേദപ്പെട്ട നിലയില്‍ ജീവിക്കുന്ന എനിക്കും ഇത്തരം സാഹചര്യങ്ങളെ നേരിടേണ്ടി വന്നുവെന്നും ഒരു സ്ത്രീയും ഒറ്റപ്പെട്ട അനുഭവങ്ങളല്ല നേരിടുന്നതെന്നും വ്യക്തമാക്കാനാണ് ഞാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

നമ്മളെല്ലാം വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളില്‍ ജീവിച്ചു വളര്‍ന്നവരാണ്. നമ്മുടെ മാതാപിതാക്കളില്‍ നിന്നും പഠിക്കുന്ന മൂല്യങ്ങളും ജീവിതരീതികളുമായി നമ്മള്‍ മറ്റൊരു വീട്ടിലേക്ക് പോകുന്നു, പിന്നെ അവരുടെ രീതിയ്ക്ക് അനുസരിച്ച് മാറുന്നു. പക്ഷേ എന്‍റെ കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ് വിവാഹത്തിന് ശേഷവും ഞാന്‍ ഞാനായി തുടരുകയാണ്. 

ഒരു സാഹചര്യത്തിലും ഒരാളോട് പൊട്ടിത്തെറിക്കുകയോ കൈയേറ്റം ചെയ്യുകയോ ചെയ്യരുതെന്നാണ് എന്‍റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചത്. ഇപ്പോഴും അതാണ് ഞാന്‍ പിന്തുടരുന്നത്. അത് തന്നെയാണ് അന്നും ഞാന്‍ പാലിച്ചത്. പുസ്തകത്തിലെ പരാമര്‍ശങ്ങളെ പലരും പലരീതിയില്‍ വ്യാഖ്യാനിക്കുന്ന സാഹചര്യത്തിലാണ് ഞാന്‍ ഇത്രയും പറയുന്നത്. ഇക്കാര്യത്തില്‍ ഇനിയെന്തെങ്കിലും ഒരു പ്രതികരണം എന്നില്‍ നിന്നുണ്ടാവില്ല. ഇതെന്‍റെ ജീവിതത്തിലെ ഒരു അധ്യായം മാത്രമാണ് പുസ്തകത്തില്‍ പറയും പോലെ ജലം കണക്കെ ഞാനിനിയും ഒഴുകും.... 

loader