മോദിയെ കുറിച്ചോ 15 ലക്ഷം രൂപയുടെ വാഗ്ദാനത്തെക്കുറിച്ചോ താൻ പറഞ്ഞിട്ടില്ല. മറാത്തിയിൽ താൻ പറഞ്ഞത് മനസിലാക്കിയിട്ടു വേണം രാഹുൽ ഗാന്ധി പ്രതികരിക്കാനെന്നും ഗഡ്കരി പറഞ്ഞു. 

ദില്ലി: ജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനം നല്‍കിയെന്ന് മോദി സര്‍ക്കാരിനെ വിമര്‍ശിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി. മറാത്തി ചാനലിന് താൻ നൽകിയ അഭിമുഖത്തെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. മോദിയെ കുറിച്ചോ 15 ലക്ഷം രൂപയുടെ വാഗ്ദാനത്തെക്കുറിച്ചോ താൻ പറഞ്ഞിട്ടില്ല. മറാത്തിയിൽ താൻ പറഞ്ഞത് മനസിലാക്കിയിട്ടു വേണം രാഹുൽ ഗാന്ധി പ്രതികരിക്കാനെന്നും ഗഡ്കരി പറഞ്ഞു. 

പാർട്ടി ജനങ്ങൾക്ക് പൊള്ളയായ വാ​ഗ്ദാനങ്ങൾ മാത്രമാണ് നൽകിയതെന്ന് ഗഡ്കരി ആരോപിക്കുന്ന വീഡിയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ഒരു മറാത്തി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ​ഗഡ്കരി പാർട്ടിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്. 

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പാര്‍ട്ടി അധികാരം കരസ്ഥമാക്കിയത് പൊള്ളയായ വാഗ്ദാനങ്ങള്‍ നൽകിയാണ്. അതേസമയം അധികാരം കിട്ടിയില്ലെങ്കില്‍ വാഗ്ദാനങ്ങള്‍ കൊണ്ട് പ്രശ്‌നമില്ല. എന്നാൽ പാർട്ടി ജയിച്ചു അധികാരവും ലഭിച്ചു. ഇതോടെ വാഗ്ദാനങ്ങളെ പറ്റി ഓരോ ദിവസവും ജനങ്ങൾ തങ്ങളോട് ചോദിക്കുകയാണ്. ഇതു കേട്ട് തങ്ങൾ ചിരിക്കുകയാണ്. കൂടാതെ തങ്ങളുടെ രീതിയിലൂടെ തന്നെ പോകുന്നകയും ചെയ്യുന്നുവെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍. 

അതേസമയം, മന്ത്രി ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞത് നൂറ് ശതമാനം സത്യമാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. തങ്ങളുടെ വാദം ഗഡ്കരി അംഗീകരിച്ചതിൽ സന്തോഷമുണ്ട്. ബിജെപി അധികാരത്തിൽ വന്നതുകൊണ്ട് പാർട്ടിക്കും പാർട്ടിയുടെ ഇഷ്ടക്കാർക്കും മാത്രമെ ഗുണമുണ്ടായുള്ളൂ എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നേരത്തെ സംവരണവുമായി ബന്ധപ്പെട്ട് മറാത്താ വിഭാഗം പ്രക്ഷോഭം നടത്തിയപ്പോഴും പിഴവുകൾ സമ്മതിച്ച് ഗഡ്കരി രംഗത്തുവന്നിരുന്നു. രാജ്യത്ത് തൊഴിലവസരങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു ഗഡ്കരിയുടെ പരാമർശം.