ദില്ലി; പെട്രോള്‍-ഡീസല്‍ വില വര്‍ധനയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വായുമലിനീകരണവും വാര്‍ത്തകളില്‍ നിറയുന്നതിനിടെ പ്രകൃതി സ്‌നേഹികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രവചനവുമായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. 

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മെട്രോ നഗരങ്ങളിലടക്കം നിരത്തുകളില്‍ നിറയുക പ്രകൃതി സൗഹൃദ വാഹനങ്ങളായിരിക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. നമ്മുടെ രാജ്യത്ത് ഇനി ഡിമാന്‍ഡുണ്ടാവുക ജൈവ ഇന്ധനം, എഥനോള്‍,മെഥനോള്‍, ജൈവ ഡീസല്‍, ജൈവ സിഎന്‍ജി, ഇന്ധനങ്ങളാല്‍ ഓടുന്ന വാഹനങ്ങള്‍ക്കും ഇലക്ട്രിക് വാഹനങ്ങളുമായിരിക്കും.അതിന് ചിലവും കുറവായിരിക്കും, ഇറക്കുമതിയും കുറഞ്ഞതോതില്‍ മതി, വായു മലിനീകരണം ഉണ്ടാവില്ല,  മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളിലൂടെ ഇവ നടപ്പാക്കാനും സാധിക്കും. അതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നങ്ങള്‍ യഥാര്‍ഥ്യമാക്കാനും വഴി തുറക്കും- നിതിന്‍ ഗഡ്കരി പറയുന്നു.   

ദേശീയമാധ്യമമായ എന്‍ഡിടിവിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് രാജ്യത്തെ ഗതാഗതരംഗത്തുണ്ടാവാന്‍ പോവുന്ന ഹരിതവിപ്ലവത്തെപ്പറ്റി നിതിന്‍ ഗഡ്കരി വാചാലനായത്. ഞാന്‍ വെറുതെ പെരുപ്പിച്ച് കൂട്ടി പറയുകയല്ല ഇതൊന്നും. ഈ പറഞ്ഞതെല്ലാം നിങ്ങള്‍ രേഖപ്പെടുത്തിവയ്ക്കൂ, എന്നിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ട് അത് എത്രത്തോളം സത്യമായെന്നും പരിശോധിക്കൂ.... ആത്മവിശ്വാസത്തോടെ നിതിന്‍ ഗഡ്കരി പറയുന്നു. 

നിലവില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് സാധാരണ വാഹനങ്ങളേക്കാള്‍ വില കൂടുതലാണ്. എന്നാല്‍ ഈ പ്രശ്‌നം വരും വര്‍ഷങ്ങളില്‍ നമ്മുക്ക് മറികടക്കാന്‍ സാധിക്കും. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് കരുത്തേക്കുന്ന ലിഥിയം-അയണ്‍ ബാറ്ററികളുടെ വില കുറയുന്നതോടെ ഉത്പാദനചിലവും കാര്യമായി കുറയും -ഗഡ്കരി ചൂണ്ടിക്കാട്ടുന്നു.

ഉപഭോഗ ചിലവിലുണ്ടാവുന്ന വ്യത്യാസമായിരിക്കും ജനങ്ങളെ പ്രകൃതിസൗഹൃദ വാഹനങ്ങളിലേക്ക് ആകര്‍ഷിക്കുകയെന്നാണ് നിതിന്‍ ഗഡ്കരിയുടെ വിശ്വാസം. മുംബൈ നഗരത്തിലൂടെ ഡീസല്‍ ബസ് ഒരു കിലോമീറ്റര്‍ ഓടണമെങ്കില്‍ 110 രൂപയാണ് ചിലവ്. അതേസമയം ഇപ്പോള്‍ നാഗ്പുര്‍ നഗരത്തില്‍ മെഥനോള്‍ ഇന്ധമാക്കി ഓടുന്ന എയര്‍ കണ്ടീഷന്‍ഡ് ബസിന് ഒരു കിലോമീറ്റര്‍ ഓടാന്‍ 78 രൂപയുടെ ചിലവേ വരുന്നുള്ളൂ. ഇലക്ട്രിക്ക് എസി ബസുകള്‍ക്കാവട്ടെ കിലോമീറ്ററിന് 65 രൂപയാണ് ചിലവ്. ഹരിത ഇന്ധങ്ങളുടെ മേന്മ ചൂണ്ടിക്കാണിച്ച് ഗഡ്കരി പറയുന്നു. 

ഇന്ധനചിലവ് കുറഞ്ഞാല്‍ പിന്നെ ഡീസല്‍-പെട്രോള്‍ വാഹനങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടേണ്ടി വരില്ലെന്നാണ് ഗഡ്കരിയുടെ നിരീക്ഷണം. ഈ രംഗത്ത് സര്‍ക്കാര്‍ വടിയും പിടിച്ച് നില്‍ക്കേണ്ട കാര്യമില്ല. ലാഭകരമാണെന്ന് കണ്ടാല്‍ വിപണിയും വാഹനഉപഭോക്താക്കളും ഹരിതവാഹനങ്ങള്‍ക്ക് പിറകേ വന്നോളും ഗഡ്കരി ചൂണ്ടിക്കാട്ടുന്നു. 

പ്രകൃതി സൗഹൃദ ഇന്ധനങ്ങളുടേയും വാഹനങ്ങളുടേയും പ്രസക്തി മുന്‍പെങ്ങുമില്ലാത്ത വിധം ചര്‍ച്ച ചെയ്യപ്പെട്ട കാലമായിരുന്നു ഉത്തരേന്ത്യയില്‍ ഇത്. കഴിഞ്ഞ ആഴ്ച്ച വരെ ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ നഗരങ്ങള്‍ അന്തരീക്ഷം മലിനീകരണം മൂലം മൂടി കിടക്കുകയായിരുന്നു.

മനുഷ്യജീവിതം അസാധ്യമാക്കുന്ന രീതിയില്‍ ശക്തിപ്രാപിച്ച വായു മലിനീകരണം തടയാന്‍  സര്‍ക്കാര്‍ നിരവധി നിയന്ത്രണങ്ങളും പരിഷ്‌കാരങ്ങളും നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. മലിനീകരണം വളരെ കുറഞ്ഞ ഭാരത് സ്റ്റേജ് 6 ഇന്ധനങ്ങള്‍ ലക്ഷ്യമിട്ടതിലും രണ്ട് വര്‍ഷം മുന്‍പേ തന്നെ ഡല്‍ഹിയില്‍ വിതരണം ചെയ്യാനാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ഈ ഇന്ധനത്തിന് അനുയോജ്യമായ എന്‍ഞ്ചിനുള്ള വാഹനങ്ങള്‍ 2019-ല്‍ മാത്രമേ വിപണിയിലെത്തൂ എന്നതിനാല്‍ ഇത് എത്രത്തോളം ഗുണം ചെയ്യും എന്ന സംശയം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.