അഹമ്മദാബാദ്: ഗുജറാത്ത് മന്ത്രിസഭയിലെ വകുപ്പുകളെ തുടര്‍ന്ന് സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനിടയിലുണ്ടായിരുന്ന പ്രതിസന്ധിയ്ക്ക് വിരാമം. ധനകാര്യം, നഗരവികസനം, പെട്രോളിയം തുടങ്ങിയ സുപ്രധാന വകുപ്പുകളില്‍നിന്ന് മാറ്റിയതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന നിധിന്‍ പട്ടേലിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് പ്രതിസന്ധികള്‍ക്ക് താല്‍ക്കാലിക വിരാമമായത്. 

ഇതോടെ നിധിന്‍ പട്ടേല്‍ ഗാന്ധിനഗറിലെത്തി ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. പുതിയ വകുപ്പുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഗവര്‍ണറെ വിവരമറിയിക്കുമെന്ന് നിധിന്‍ പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉച്ചയോടെയാണ് സെക്രട്ടേറിയേറ്റിലെത്തി നിധിന്‍ പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 

കഴിഞ്ഞ മന്ത്രിസഭയിലും ഉപമുഖ്യമന്ത്രിയായിരുന്ന നിധിന്‍ പട്ടേലിന്റെ വകുപ്പുകള്‍ പുതിയ മന്ത്രിസഭയില്‍ മറ്റ് മന്ത്രിമാര്‍ക്കാണ് നല്‍കിയിരുന്നത്. ഇതില്‍ അസ്വസ്തനായിരുന്നു അദ്ദേഹം. കൂടാതെ മറ്റ് മന്ത്രിമാര്‍ക്ക് ഓഫീസ് അനുവദിച്ചിട്ടും ഉപമുഖ്യമന്ത്രികൂടിയായ നിധിന്‍ പട്ടേലിന് ഗാന്ധിനഗറില്‍ ഓഫീസ് അനുവദിച്ചിരുന്നില്ല. നിലവില്‍ ധനകാര്യവകുപ്പിന്റെ ചുമതല സ്വാരഭ് പട്ടേലിനാണ്. ഇത് അമിത് ഷായുടെ ഉറപ്പിനെ തുടര്‍ന്ന് നിധിന്‍ പട്ടേലിന് തന്നെ നല്‍കും.

ഇതിനിടയില്‍ നിധിന്‍ പട്ടേലിനെ തന്റെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് പട്ടീല്‍ അനാമത് അന്തോളന്‍ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവായ നിധിന്‍ പട്ടേലിനെ പാര്‍ട്ടി ബഹുമാനിക്കുന്നില്ലെന്നും അദ്ദേഹത്തിന് മുഴുവന്‍ പിന്തുണയും നല്‍കണമെന്നും
നിധിന്‍ പട്ടേലിനെയും സംഘത്തെയും സ്വാഗതം ചെയ്യുന്നതോടൊപ്പം വേണ്ട സ്ഥാനം നല്‍കി സ്വീകരിക്കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും ഹര്‍ദ്ദിക് വ്യക്തമാക്കിയിരുന്നു.