ദില്ലി: ബിഹാറിലെ ഭരണ സഖ്യത്തില്‍ ഭിന്നത തുടരുന്നു.ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ രാജിയ്‌ക്കായി സമ്മര്‍ദ്ദം ചെലുത്തണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ദില്ലിയിലെത്തി കണ്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.അഴിമതിക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ രാജിയില്‍ ഉറച്ച് നില്‍ക്കുകയാണ് ജെഡിയുവും നിതീഷ് കുമാറും. സ്ഥാനമൊഴിയുന്ന രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയ്‌ക്ക് യാത്ര അയപ്പിന് പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ദില്ലിയിലെത്തിയ നിതീഷ് കുമാര്‍ രാഹുല്‍ ഗാന്ധിയെ വീട്ടിലെത്തിക്കണ്ട് നിലപാട് അറിയിച്ചു.

കുറ്റക്കാരനല്ലെന്ന് തെളിയും വരെ തേജസ്വി യാദവ് മാറി നില്‍ക്കണമെന്ന നിലപാട് നിതീഷ് കുമാര്‍ രാഹുലിനെ അറിയിച്ചു. ലാലു പ്രസാദ് യാദവിനെ പിന്തുണയ്‌ക്കുന്ന കോണ്‍ഗ്രസ് നിലപാടിലെ അതൃപ്തിയും നിതീഷ് കൂടിക്കാഴ്ച്ചയില്‍ പ്രകടപ്പിച്ചു. എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ ജെഡിയു പിന്തുണച്ചതോടെ മഹാസഖ്യ സാധ്യതയില്‍ പ്രകടമായ വിള്ളലിന് ആക്കം കൂട്ടിയാണ് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിക്ക് ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ യാത്ര അയപ്പില്‍ നിതീഷ് കുമാര്‍ പങ്കെടുത്തത്.

നീതീഷ് കുമാര്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചെത്തിയ പ്രതിപക്ഷ മുഖ്യമന്ത്രി. ചൊവ്വാഴ്ച്ച രാംനാഥ് കോവിന്ദിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനും നിതീഷ് കുമാര്‍ ദില്ലിയിലെത്തും.അതിനിടെ ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്റി ദേവിയ്‌ക്കും പറ്റ്ന വിമാനത്താവളത്തിലുണ്ടായിരുന്ന പ്രത്യേക പരിഗണന കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കി.