വാരാപ്പുഴ കസ്റ്റഡിമരണക്കേസ് ഇപ്പോള്‍ കോടതിയുടെ മുന്നിലാണെന്നും അതിനാല്‍ ഇത് സഭ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്
തിരുവനന്തപുരം: വാരാപ്പുഴ കസ്റ്റഡിമരണം സഭ നിര്ത്തി വച്ച് ചര്ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ആവശ്യം സ്പീക്കര് നിഷേധിച്ചതിനെ തുടര്ന്ന് നിയമസഭയില് ബഹളം. സഭാനടപടികള് തുടരാന് സ്പീക്കര് പ്രതിപക്ഷ നേതാവുമായും മുഖ്യമന്ത്രിയുമായും വെവേറെ ചര്ച്ച നടത്തിയെങ്കിലും ഒത്തുതീര്പ്പിലെത്താന് സാധിക്കാതെ വന്നതോടെയാണ് നടപടികള് റദ്ദാക്കി നിയമസഭ ഇന്നേക്ക് പിരിഞ്ഞു.
അഭ്യന്തരവകുപ്പിന്റെ വീഴ്ച്ച മുന്നിര്ത്തി സര്ക്കാരിനെ കടന്നാക്രമിക്കാന് ശ്രമിക്കുന്ന പ്രതിപക്ഷം ഇന്ന് വാരാപ്പുഴ കസ്റ്റഡിമരണമാണ് അടിയന്തരപ്രമേയമായി കൊണ്ടു വരാന് ശ്രമിച്ചത്. പ്രതിപക്ഷത്ത് നിന്ന് വിഡി സതീശന് എംഎല്എ ഇതിനായി നോട്ടീസ് നല്കുകയും ചെയ്തു.
എന്നാല് വാരാപ്പുഴ കസ്റ്റഡിമരണക്കേസ് ഇപ്പോള് കോടതിയുടെ മുന്നിലാണെന്നും അതിനാല് ഇത് സഭ ചര്ച്ച ചെയ്യേണ്ടതില്ലെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്. ഇത് ചോദ്യം ചെയ്ത് പ്രതിപക്ഷനേതാവ് രംഗത്ത് വന്നതോടെ സഭയില് ബഹളമായി. സോളാര്ക്കേസും ബാര്കോഴക്കേസും മുന്പ് കോടതിയുടെ പരിഗണനയില് ഇരിക്കെ തന്നെ ചര്ച്ച ചെയ്തിട്ടുണ്ട് എന്നതിനാല് അത്തരമൊരു കീഴ്വഴക്കത്തിന് പ്രസക്തിയില്ലെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
വാരാപ്പുഴക്കേസ് അടിയന്തരപ്രാധാന്യമുള്ളതല്ലെന്നും നേരത്തേയും സഭ ഇത് ചര്ച്ച ചെയ്തിട്ടുണ്ടെന്നുമായിരുന്നു ഇതിനോട് പ്രതികരിച്ച നിയമമന്ത്രി എ.കെ.ബാലന്റെ നിലപാട്. ഇതില് പ്രകോപിതരായ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്പിലെത്തി ബഹളം വച്ചു. ഇതോടെ സ്പീക്കര് സഭ താല്കാലികമായി പിരിയുന്നതായി അറിയിച്ചു. തുടര്ന്ന് നടന്ന ഒത്തുതീര്പ്പ് ചര്ച്ചകളും ഫലപ്രദമാക്കാതെ വന്നതോടെയാണ് സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര് അറിയിച്ചത്.
സഭയില് വിഷയങ്ങള് ഉന്നയിക്കാനും ചര്ച്ച ചെയ്യാനും സാധിക്കുന്നില്ലെങ്കില് പിന്നെ എന്തിനാണ് പ്രതിപക്ഷമെന്ന് മാധ്യമപ്രവര്ത്തകരെ കണ്ട രമേശ് ചെന്നിത്തല ചോദിച്ചു. വാരാപ്പുഴൊ കേസില് പോലീസുകാരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുന്പോള് തന്നെ മുഖ്യമന്ത്രി എസ്.പിക്ക് ക്ലീന് ചിറ്റ് നല്കിയെന്നും അദ്ദേഹത്തെ സംരക്ഷിക്കാന് തെളിവുകള് നശിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
