ബംഗളൂരു: ഗുല്‍ബര്‍ഗ റാഗിങ് സംഭവത്തില്‍ അല്‍ ഖമാര്‍ കോളേജിനെതിരെ തത്കാലം നടപടിയില്ലെന്നു കര്‍ണാടക സര്‍ക്കാര്‍. റാഗിങ് നടന്നിട്ടില്ലെന്ന രാജീവ് ഗാന്ധി ആരോഗ്യ സര്‍വകലാശാലയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നിലവിലെ തീരുമാനമെന്നും പൊലീസ് അന്വേഷണത്തില്‍ റാഗിങ് എന്നു കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും കര്‍ണാടക ആരോഗ്യ,വിദ്യാഭ്യാസ മന്ത്രി ശരണപ്രകാശ് പാട്ടീല്‍ പറഞ്ഞു. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഗുല്‍ബര്‍ഗ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായതോടെ വിധി പറയുന്നതിനായി ചൊവ്വാഴ്ചത്തേക്കു മാറ്റി.

സര്‍വകലാശാലയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കോളേജിനെതിരെ നടപടിയെന്നു കര്‍ണാടകം ആരോഗ്യ വിദ്യാഭ്യാസ മന്ത്രി ശരണപ്രകാശ് പാട്ടീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാജീവ് ഗാന്ധി ആരോഗ്യ സര്‍വ്വകലാശാലയുടെ രണ്ടംഗ സമിതി കോളേജിലോ,ഹോസ്റ്റലിലോ റാഗിങ് നടന്നിട്ടില്ലെന്ന് വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വിസി സര്‍ക്കാരിന് സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തത്കാലം അല്‍ ഖമാര്‍ കോളേജിനെതിരെ നടപടിയില്ലെന്ന് ആരോഗ്യ വിദ്യാഭ്യാസ മന്ത്രി ശരണപ്രകാശ് പാട്ടീല്‍ പറഞ്ഞു.എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ റാഗിങ് നടന്നതായി കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അശ്വതിയുടെ മൊഴിയെടുക്കാതെ തയ്യാറാക്കിയ റിപ്പോര്‍ട്ടാണു സര്‍വകലാശാലയുടേതെന്നു നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. അതേസമയം അറസ്റ്റിലായ മൂന്നു പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പ്രതിഭാഗവും, പ്രോസിക്യൂഷനും വാദം പൂര്‍ത്തിയാക്കി. ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിനായി കേസ് ഗുല്‍ബര്‍ഗ സെഷന്‍സ് കോടതി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി.