അറസ്റ്റ് തടയാനാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്
ദില്ലി: എയര്സെല്- മാക്സിസ് കേസുമായി ബന്ധപ്പെട്ട് മുന് കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിനെതിരെ ജൂണ് അഞ്ചു വരെ നടപടിയെടുക്കരുതെന്ന് കോടതി. അറസ്റ്റ് തടയാനാവശ്യപ്പെട്ട് ചിദംബരം നല്കിയ ഹര്ജിയിലാണ് കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. 2006ല് പി. ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഐ.എന്.എക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന് കാര്ത്തി അനധികൃത ഇടപെടല് നടത്തിയെന്നതാണ് കേസ്.
കൂടാതെ, ഡിസംബർ ഒന്നിന് എൻഫോഴ്സ്മെന്റ് കാർത്തിയുടെ അടുത്ത സുഹൃത്തുക്കളുടെ ചെന്നൈയിലും കൊൽക്കത്തയിലുമുള്ള വസതികളില് റെയ്ഡ് ചെയ്തിരുന്നു. സെപ്തംബറിൽ കാർത്തിയുടെ 1.16 കോടി രൂപയുടെ സ്വത്തുക്കളും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചിദംബരത്തിനു വേണ്ടി മുതിര്ന്ന അഭിഭാഷകനും കോണ്ഗ്രസ് നേതാവുമായ കപില് സിബല് കോടതിയില് ഹാജരായി.
