ലൈംഗികപീഡനപരാതിയിൽ ഷൊറണൂർ എംഎൽഎ പി.കെ.ശശിയ്ക്കെതിരെ ഇന്നും നടപടിയെടുക്കാതെ സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് യോഗം അവസാനിച്ചു. ശശി ക്യാപ്റ്റനായ ജാഥ അവസാനിച്ച ശേഷം മാത്രമേ നടപടിയിൽ തീരുമാനമുണ്ടാകൂ. 

തിരുവനന്തപുരം: ലൈംഗികപീഡന പരാതിയിൽ ഷൊറണൂർ എംഎൽഎ പി.കെ.ശശിയ്ക്കെതിരായ നടപടി വൈകും. ശശിയ്ക്കെതിരായ നടപടിയിൽ തീരുമാനമെടുക്കാതെ ഇന്നും സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് യോഗം സമാപിച്ചു. 

ഇന്ന് ചേർന്ന സംസ്ഥാനസമിതിയോഗത്തിൽ പാർട്ടി സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പി.കെ.ശശിയ്ക്കെതിരായ അന്വേഷണറിപ്പോർട്ടിന്‍റെ കാര്യം പരാമർശിച്ചിരുന്നു. എന്നാൽ പി.കെ.ശശി ക്യാപ്റ്റനായ കാൽനട ജാഥ തുടരുന്നതിനാൽ തൽക്കാലം നടപടിയെടുക്കുന്നത് നീട്ടി വയ്ക്കാനാണ് തീരുമാനം. രാവിലെ ചേർന്ന സംസ്ഥാനസെക്രട്ടേറിയറ്റ് യോഗവും പിന്നാലെ നടന്ന സംസ്ഥാനകമ്മിറ്റിയോഗവുമാണ് തൽക്കാലം നടപടിയെടുക്കുന്നത് നീട്ടി വയ്ക്കാൻ നിർദേശിച്ചത്. 

നിയമസഭ തുടങ്ങുന്ന 26ാം തീയതിയ്ക്ക് മുമ്പ് വിഷയത്തിൽ തീരുമാനമെടുക്കണമെന്ന് നേരത്തേ പാർട്ടിയിൽ ധാരണയുണ്ടായിരുന്നു. എന്നാൽ
കാൽനട ജാഥയ്ക്കിടെ നടപടിയുണ്ടാകുന്നത് പരിപാടിയെ ബാധിയ്ക്കുമെന്നാണ് ഇരു നേതൃയോഗങ്ങളും വിലയിരുത്തിയത്. ശശിയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകാൻ സാധ്യത കുറവാണെന്നാണ് സൂചന. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ ഏരിയ കമ്മിറ്റിയിലേക്കോ ബ്രാഞ്ച് കമ്മിറ്റിയിലേക്കോ തരംതാഴ്ത്താനാണ് സാധ്യത.

ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതി എ.കെ. ബാലനും പി.കെ. ശ്രീമതിയും അടങ്ങുന്ന കമ്മീഷനാണ് അന്വേഷിച്ചത്. കമ്മീഷനെ നിയോഗിച്ച് രണ്ട് മാസമായിട്ടും നടപടി വൈകിയതിനാൽ പരാതിക്കാരി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റും കമ്മിറ്റിയും റിപ്പോർട്ട് ചർച്ച ചെയ്തത്. 

പീഡനപരാതിയിൽ ആരോപണവിധേയനായ ശശിയെ ജാഥാക്യാപ്റ്റനാക്കിയതിൽ പാർട്ടിയ്ക്കുള്ളിൽത്തന്നെ അമർഷം പുകയുന്നതിനിടെയാണ് നടപടിയിൽ തീരുമാനം നീളുന്നത്. 

Read More: പി.കെ.ശശിയുടെ ജാഥയുടെ ആദ്യദിവസത്തെ സമാപനയോഗത്തിൽ നിന്ന് വിട്ടുനിന്ന് എം.ചന്ദ്രൻ